തൃശൂർ: സ്വർണാഭരണ നിർമ്മാണകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചകൾ ആവർത്തിക്കുമ്പോൾ, മറുവശത്ത് പണം തട്ടിപ്പുകളും തകൃതി. നിരവധി ബാങ്കുകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും കേന്ദ്രമാണ് തൃശൂർ. ദക്ഷിണേന്ത്യയിൽ തന്നെ നിരവധി സ്വർണക്കടകളും സ്വർണാഭരണനിർമ്മാണ കേന്ദ്രങ്ങളുമുള്ള തൃശൂരിൽ കഴിഞ്ഞ ഡിസംബറിൽ സ്വർണക്കവർച്ച നടന്നതിനു പിന്നാലെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സിനിമാ സ്റ്റൈലിൽ തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടന്നത്.
അഞ്ചുദിവസമായിട്ടും പ്രതികളെ മുഴുവൻ കണ്ടെത്താനായില്ല. സ്വർണവും കണ്ടെടുക്കാനായില്ല. സ്വർണത്തിന്റെ ഉയർന്ന വിലയും സ്വർണാഭരണ നിർമ്മാണശാലകളിലും മറ്റുമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവുമാണ് കവർച്ചാ സംഘത്തിന് തുണയാകുന്നതെന്നാണ് പൊലീസിന്റെ നിഗമനങ്ങളിൽ പ്രധാനം.
സ്വർണാഭരണങ്ങളെക്കുറിച്ചും നിർമ്മാണത്തെ സംബന്ധിച്ചും വ്യക്തമായ വിവരമുള്ളവരാണ് കവർച്ചാസംഘങ്ങൾ. ഇവർ കൊണ്ടുവരുന്ന വ്യാജ സ്വർണാഭരണങ്ങൾ ജുവലറികളിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് പോലും കണ്ടെത്താൻ പോലും കഴിയാറില്ല.
ആയിരങ്ങളുടെ ജീവിതോപാധി
തൃശൂരിൽ മാത്രമായി കാൽ ലക്ഷത്തിലേറെ പേർ സ്വർണാഭരണ രംഗത്ത് നേരിട്ടും അനുബന്ധ ജോലികളിലും വിപണനരംഗത്തുമായി തൊഴിലെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗികവിവരം. സ്വർണവിലയുടെ അടിസ്ഥാനത്തിലാണ് കൂലി നിരക്ക്. സ്വർണ ഉപഭോക്താക്കളും തൃശൂരിൽ ഏറെയുണ്ട്. പലപ്പോഴും നഷ്ടപ്പെട്ട സ്വർണത്തിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതു പോലും അത്ര എളുപ്പമല്ല. പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ച ശേഷം വേണം ഇൻഷ്വറൻസ് കമ്പനിയുമായി നിയമപരമായ നീക്കങ്ങൾ നടത്താൻ.
സുതാര്യതയെവിടെ?
പണമിടപാടുകളുടെ കാര്യത്തിൽ സുതാര്യമായിരുന്നു തൃശൂരിലെ സ്ഥാപനങ്ങൾ. എന്നാൽ അടുത്തിടെ കോടികളുടെ സഹകരണത്തട്ടിപ്പുമുതൽ കോടാനുകോടികളുടെ നിക്ഷേപത്തട്ടിപ്പുവരെ തൃശൂരിനെ നാണം കെടുത്തി. വിദേശജോലി വാഗ്ദാനത്തട്ടിപ്പിലും ഒടുവിൽ കേസുകളുണ്ടായി. പണമിടപാട് സ്ഥാപനങ്ങളിൽ നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഇടപാടുകാരും കൂടിവരികയാണ്. പക്ഷേ, തൊഴിലാളികളുടെയും ഇടപാടുകാരുടെയും സുരക്ഷയും സുതാര്യതയും ചോദ്യചിഹ്നമാണ്.
തൊണ്ടിമുതൽ കിട്ടുമോ?
കവർന്നെടുക്കുന്ന ആഭരണങ്ങൾ കൈമറിഞ്ഞ് കടത്തുന്നതാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. അതിനാൽ തൊണ്ടിമുതൽ കണ്ടെടുക്കുന്നത് ക്ലേശകരമാകും. തട്ടിപ്പു സംഘങ്ങൾക്ക് വലിയ സാമ്പത്തിക പശ്ചാത്തലവുമുണ്ടാകാറുണ്ട്. ആധുനിക കവർച്ചാരീതികളുമറിയാം. കേരളത്തിൽ ലഭ്യമല്ലാത്ത തരത്തിലുള്ള ഉപകരണങ്ങളും മറ്റും കവർച്ചയ്ക്ക് ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.
ശ്രദ്ധിക്കാൻ:
പണമിടപാട് സ്ഥാപനങ്ങളെ കൃത്യമായി നിരീക്ഷിച്ച് ഇടപാട് നടത്തുക
സ്വർണം സൂക്ഷിക്കുമ്പോഴും സ്വർണവായ്പകളിലും ജാഗ്രത പുലർത്തണം
ജോലിക്കും പഠനത്തിനുമായി സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴും ശ്രദ്ധിക്കണം
സ്ഥാപനങ്ങൾ അംഗീകൃതമാണോയെന്ന് വിശദമായി പരിശോധിക്കണം