nafeesa

കോഴിക്കോട്: മാലിന്യത്തിൽ സാനിറ്റൈസർ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പയ്യോളി ഐപിസി റോഡിലെ ഷാസ് മൻസിലിൽ നഫീസ (48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

മാലിന്യങ്ങൾ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസർ ഒഴിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: കുഞ്ഞമ്മദ്, മക്കൾ: മുഹമ്മദ് ഷഹാൻ, ഒമർ ശാമിൽ, ഷഹനാസ്.

കഴിഞ്ഞദിവസം പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചിരുന്നു. തിരുവല്ല വേങ്ങലിലാണ് സംഭവം. തുകലശേരി സ്വദേശി തോമസ് ജോർജും (69) ഭാര്യ ലൈജി തോമസുമാണ് (63) മരിച്ചത്. മകന്റെ മാനസികപീഡനം സഹിക്കാനാവാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നുള്ള രാജു തോമസിന്റെ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന വേങ്ങൽ വേളൂർമുണ്ടകം പാടത്തേക്കുള്ള വഴിയിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് പട്രോളിംഗിനെത്തിയ പൊലീസ് സംഘമാണ് കാറിന് തീപിടിച്ചത് കണ്ടത്. തീ ആളിപ്പടർന്നതിനാൽ അടുത്തേക്ക് ചെല്ലാനായില്ല. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വാഗണർ കാറിന്റെ മുൻസീറ്റുകളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. റോഡരികിൽ വാഹനം ഒതുക്കിയശേഷം പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് നിഗമനം. കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.