fridge

സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുന്ന നിരവധി പേരുണ്ട്. തക്കാളി മുതൽ ബീറ്റ്റൂട്ട് വരെ മുഖത്ത് തേയ്ക്കുന്നവരുണ്ട്. ഇതൊന്നും കൂടാതെ താരങ്ങൾ ചെയ്യുന്ന സൗന്ദര്യ പരീക്ഷണങ്ങൾ പിന്തുടരുന്നവരുമേറെയാണ്. അത്തരത്തിൽ പ്രിയ നടിമാരായ ആലിയ ഭട്ടും, പ്രിയങ്ക ചോപ്രയും അടക്കമുള്ളവർ മുമ്പ് തങ്ങളുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരുന്നു. എന്താണ് അതെന്നല്ലേ?

ഐസ് ഫേസ്‌വാഷ് അല്ലെങ്കിൽ ഐസ് ഉപയോഗിച്ച് മുഖം കഴുകലാണ് തങ്ങളുടെ സൗന്ദര്യ രഹസ്യമെന്നാണ് താരങ്ങൾ മുമ്പ് വെളിപ്പെടുത്തിയത്. ഐസ് ഫേസ്‌വാഷ് യഥാർത്ഥത്തിൽ സേഫ് ആണോയെന്ന് നിരവധി പേർക്കുള്ള സംശയമാണ്.

ശരിയായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ ഐസ് വാഷ് സുരക്ഷിതമാണ്. എന്നാൽ ഒരു മുന്നറിയിപ്പുണ്ട്. മുഖത്ത് നേരിട്ട് ഐസ് ക്യൂബ് വയ്ക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. പകരം ഐസ് ക്യൂബ് ഒരു കോട്ടൻ തുണിയിൽ പൊതിഞ്ഞ് മുഖത്ത് വച്ച് മസാജ് ചെയ്യുക.

നിരവധി ഗുണങ്ങളാണ് ഐസ് വാഷിനുള്ളത്. നിങ്ങളുടെ ചർമ്മം മങ്ങിയതായി തോന്നുന്നുവെങ്കിലും ഉറക്ക ക്ഷീണമുണ്ടെങ്കിലുമൊക്കെ ഈ രീതി ഉപയോഗിക്കാം. പതിവായി ഇങ്ങനെ ചെയ്താൽ മുഖത്ത് തിളക്കം കൂടും. കൂടാതെ കണ്ണിനടിയിലെ കറുപ്പ് അപ്രത്യക്ഷമാകും. മുഖക്കുരു മാറാനും ഇത് സഹായകമാണ്.

ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് മുഖം മസാജ് ചെയ്ത ശേഷം മേക്കപ്പ് ഇടുക. ഇങ്ങനെയാണെങ്കിൽ മേക്കപ്പ് കൂടുതൽ സമയം നീണ്ടുനിൽക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്‌ത് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുഖത്ത് പുരട്ടാകൂ.