ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള പരിശോധന അവസാനിപ്പിച്ച് പ്രാദേശിക മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ. അർജുനായുളള തെരച്ചിൽ 13 ദിവസത്തിലും അനിശ്ചിതത്വത്തിൽ തുടരുകയാണ്. രണ്ട് ദിവസമായി പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും മാൽപെയ്ക്ക് ട്രക്ക് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് മൂന്ന് തവണയാണ് അദ്ദേഹം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാദൗത്യത്തെ ബാധിക്കുന്നത്.
പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പി. ഇളകിയ മണ്ണാണ് അടിയിലുളളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.