olympics

പാരീസ് : കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് പാരീസിലും മികച്ച തുടക്കം. ഇന്നലെ നടന്ന വനിതാ സിംഗിൾസിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മാൽദീവ്സിന്റെ ഫാത്തിമത്ത് നബീഹയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. സ്കോർ : 21-9,21-6. വെറും 29 മിനിട്ടുകൊണ്ടായിരുന്നു സിന്ധുവിന്റെ ജയം.

ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ചില പിഴവുകൾ വരുത്തിയെങ്കിലും സിന്ധു പെട്ടെന്നുതന്നെ 11-4ന്റെ ലീഡ് നേടിയെടുത്തു. പിന്നിട് പിടി വിട്ടുകൊടുത്തതുമില്ല. രണ്ടാം ഗെയിമിലും മാൽദീവ്സ് താരത്തിന് സിന്ധുവിന്റെ പരിചയസമ്പത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ബുധനാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ എസ്തോണിയയുടെ ക്രിസ്റ്റീൻ ക്യൂബയാണ് സിന്ധുവിന്റെ എതിരാളി.