തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് മന്ത്രി പ്രതികരിച്ചു.
'അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടുളള എല്ലാ കാര്യങ്ങളും ഞങ്ങൾ തുടക്കം മുതൽ സംസാരിച്ചിരുന്നു. കർണാടകയിലെ ജില്ലാ കളക്ടറിനെ വിളിച്ച് നിലപാട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ പ്രതികൂലമായിട്ടും തിരച്ചിൽ നടത്തിയിരുന്നു. പക്ഷെ ഇന്ന് കാലാവസ്ഥ കുറച്ച് കൂടി മെച്ചപ്പെട്ടതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ദൗഭാഗ്യകരമാണ്.
തെരച്ചിൽ നിർത്തിയെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തീരുമാനം കൂടിയാലോചനകൾ നടത്താതെയെടുത്തതാണ്. കൂടുതൽ സാദ്ധ്യത പരിശോധിക്കാതെയാണ് രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവച്ചത്. കേരളാ മുഖ്യമന്ത്രി കൂടുതൽ സാദ്ധ്യത പരിശോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരുടെയും കഠിനാധ്വാനത്തെ അംഗീകരിക്കുന്നുണ്ട്. പുതിയ തീരുമാനത്തിൽ നിന്ന് കർണാടക സർക്കാർ പിൻമാറണം. ഭരണഘടനാപരമായി ചെയ്യേണ്ട എല്ലാ സഹായവും കേരള സർക്കാർ ചെയ്യുന്നുണ്ട്'- മന്ത്രി പറഞ്ഞു.