s

കൽപ്പറ്റ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ആറര ലക്ഷം തട്ടിയ കേസിൽ തൃശൂർ കിഴക്കേ കോടാലി തേറാട്ടിൽ ടി.എസ്. ഹരികൃഷ്ണനെ വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജുജോസഫും സംഘവും അറസ്റ്റ് ചെയ്തു.
വൈത്തിരി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. നഷ്ടമായ പണം കൽക്കത്തയിലുള്ള ഐ.സി.ഐ.സി.ഐ ബ്രാഞ്ചിലേക്കാണ് ക്രഡിറ്റായത്. നിമിഷങ്ങൾക്കകം പ്രതിയുടെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി. അക്കൗണ്ടിലുള്ള പണം ക്രിപ്‌റ്റോ കറൻസിയാക്കി ബിനാൻസ് ആപ്പ് വഴി വിവിധ ഐഡികളിലൂടെ കൈമാറുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി തട്ടിപ്പുകാർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹരികൃഷ്ണനെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള കമ്മീഷനാണ് ഇയാൾക്ക് ലഭിക്കുക. പ്രതിയുടെ പക്കൽ നിന്ന് തട്ടിപ്പിനുപയോഗിച്ച ഏഴ് എ.ടി.എം കാർഡുകളും ഫോണും, സിമ്മും പിടികൂടി. ഹരികൃഷ്ണന്റെ അക്കൗണ്ടിലേക്ക് ഒരു മാസത്തിനകം 50 ലക്ഷത്തോളം രൂപ വന്നതായി അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
മേയ് മാസത്തിലാണ് വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയത്. വാട്സ്ആപ്പിൽ നിരന്തരം ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭംനേടാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം മുഖേനയായിരുന്നു തട്ടിപ്പ്. യഥാർത്ഥ ഓൺലൈൻ ട്രേഡിംഗ് സൈറ്റുകളിലേതുപോലെ ഷെയറുകൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന വ്യാജ സൈറ്റിൽ ലാഭ നഷ്ട കണക്കുകളും ബാലൻസും കാണിക്കുന്നത് കണ്ട് വിശ്വസിച്ചാണ് വൈത്തിരി സ്വദേശി ലക്ഷങ്ങൾ നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് ചതി മനസിലായത്.