fl

ഫിനാൻസ് ബില്ലിലെ നിർദേശത്തിൽ വ്യക്തത വരുത്തി ധനമന്ത്രാലയം

കൊച്ചി: ഗൗരവമുള്ള സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരും പത്ത് ലക്ഷം രൂപയിലധികം ആദായ നികുതി കുടിശികയുള്ളവരും മാത്രമാണ് വിദേശത്ത് പോകുമ്പോൾ ടാക്‌സ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതെന്ന് ധനകാര്യ മന്ത്രാലയം ഇന്നലെ വ്യക്തത വരുത്തി. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് വിദേശത്ത് കുടിയേറുന്ന ഇന്ത്യയ്ക്കാർ നിർബന്ധമായും ടാക്സ് സർട്ടിഫിക്കറ്റ് നൽകണമെന്ന രീതിയിൽ പ്രചാരണം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ ധന മന്ത്രാലയം വിശദീകരണം നൽകിയത്. വിദേശത്തേക്ക് പോകുമ്പോൾ നികുതി ബാദ്ധ്യതകൾ പൂർണമായും തീർക്കണമെന്ന നിബന്ധന കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന നിർദേശം 2024ലെ ഫിനാൻസ് ബില്ലിലുണ്ട്.

വിദേശത്തെ വെളിപ്പെടുത്താത്ത ആസ്തികളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പുകൾക്ക് തടയിടാനാണ് ഒക്‌ടോബർ ഒന്ന് മുതൽ പുതിയ നിബന്ധന നടപ്പിൽ വരുന്നത്. വ്യക്തമായ വിവരങ്ങൾ ചോദിച്ചറിഞ്ഞും ആദായ നികുതി ചീഫ് കമ്മീഷണറുടെ അനുമതി തേടിയതിന് ശേഷവും മാത്രമേ ടാക്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവൂവെന്നും ധനമന്ത്രാലയം കൂട്ടിച്ചേർക്കുന്നു.