olympics

പാരീസ് : മനു ഭാക്കർ വെങ്കലമെഡലിൽ മുത്തമിട്ട ദിവസം ഷൂട്ടിംഗിൽ ഇന്ത്യൻ സന്തോഷം ഇരട്ടിയാക്കി രണ്ട് താരങ്ങൾ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 10 മീറ്റർ എയർ റൈഫിളിൽ റമിത ജിൻഡാലാണ് ആദ്യം ഫൈനൽ ഉറപ്പിച്ചത്. ക്വാളിഫിക്കേഷൻ റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരിയായാണ് റമിത ഫൈനലിലെത്തിയത്. എട്ടുപേരാണ് ഫൈനലിൽ മത്സരിക്കുന്നത്.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയിരുന്ന റമിത ഇന്നലെ 631.5 പോയിന്റാണ് യോഗ്യതാ റൗണ്ടിൽ നേടിയത്. ഭോപ്പാലിലും ന്യൂഡൽഹിയിലും നടന്ന ഒളിമ്പിക് സെലക്ഷൻ ട്രയൽസുകളിൽ ലോക റെക്കാഡ് മറികടന്ന റമിതയ്ക്ക് ആ പ്രകട‌നം ഇന്നലെ പുറത്തെ‌ടുക്കാനായില്ല. ആദ്യ സിരീസുകളിൽ നിരാശപ്പെടുത്തിയ താരം അവസാന സിരീസുകളിൽ മികവുകാട്ടിയാണ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്. ഈയിനത്തിൽ റമിതയ്ക്ക് ഒപ്പം മത്സരിച്ച മുൻ ലോക ജൂനിയർ ചാമ്പ്യൻ ഇളവേണിൽ വാളറിവൻ 10-ാം സ്ഥാനക്കാരിയായി പുറത്താവുകയായിരുന്നു. തുടക്കത്തിൽ മികവു കാട്ടിയിരുന്ന ഇളവേണിൽ അഞ്ചാം സ്ഥാനത്തുനിന്നാണ് പത്താമതേക്ക് വീണുപോയത്.

പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിന്റെ യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റ് നേടിയാണ് അർജുൻ ബബുത ഫൈനലിലെത്തിയത്. ഈയിനത്തിൽ ഒപ്പം മത്സരിച്ച സന്ദീപ് സിംഗിന് യോഗ്യത നേടാനായില്ല.