coconut

കൊപ്ര സംഭരണത്തിലെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സ്ഥാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ കേര കർഷകരെ ചേർത്ത് പിടിച്ച് സമ്പൂർണ പിന്തുണ ഉറപ്പാക്കുകയാണ് നാളീകേര മേഖലയിലെ സർക്കാർ ഏജൻസിയായ കേരഫെഡ്. കൊപ്ര, പച്ചത്തേങ്ങ തുടങ്ങിയവയുടെ സംഭരണത്തിലൂടെ കേര കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് കേരഫെഡ് പ്രധാനമായും ശ്രദ്ധ നൽകുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു.അതേസമയം കേരഫെഡിനെ അപകീർത്തിപ്പെടുത്താനായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുകയാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ കേരഫെഡിനെ തകർക്കാൻ ലക്ഷ്യമിടുന്നതാണെന്ന് അദ്ദേഹം പറയുന്നു. കേരഫെഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്‌ടർ കേരള കൗമുദിയോട് വിശദീകരിക്കുന്നു.

സംഭരണം
പ്രതിവർഷം 17,000 മെട്രിക് ടൺ വെളിച്ചെണ്ണയാണ് കേരഫെഡ് ഉത്പാദിപ്പിക്കുന്നത്. ഇതിനായി ഏകദേശം 28,000 മെട്രിക് ടൺ കൊപ്ര ആവശ്യമാണ്. കഴിഞ്ഞ വർഷം വരെ ഇ- മെയിൽ ടെണ്ടറുകൾ, നേരിട്ടുള്ള ബുക്കിംഗ്, ഓപ്പൺ ടെണ്ടറുകൾ എന്നിവയിലൂടെയാണ് കൊപ്ര വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെരഫെഡ് 17,413 മെട്രിക് ടൺ കൊപ്ര സംഭരിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷം 18,416 ടൺ പച്ചത്തേങ്ങ താങ്ങുവില നൽകി അധികമായി സംഭരിച്ചു. ഇതിനായി ഏകദേശം 64 കോടി രൂപ കർഷകർക്ക് നൽകി.


കർഷകരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം
കർഷകർക്ക് ഏറ്റവും അനുകൂലമായ നിരക്കിൽ കൊപ്ര വിൽക്കുന്നതിനും നേരിട്ടുള്ള ബുക്കിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനും സംഘങ്ങളിലൂടെ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറയുമ്പോഴാണ് ഓപ്പൺ ടെൻഡറുകൾ നടത്താൻ നിർബന്ധിതരാകുന്നത്.


കൊപ്ര വിതരണത്തിലെ വെല്ലുവിളികൾ
കൊപ്രയാക്കി മാറ്റുന്നതിനുള്ള സംസ്‌കരണ സംവിധാനങ്ങളുടെ കുറവ്, അതിനായുള്ള ചെലവ് , ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് നാളികേരം വിൽക്കുന്നതിനാണ് കർഷകർക്ക് താല്പര്യം. അതിനാലാണ് പൊതു വിപണിയിൽ നിന്ന് കൊപ്ര വാങ്ങാൻ നിർബന്ധിതരാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 72 ശതമാനം കൊപ്രയും ചില പ്രധാന വ്യാപാരികളിൽ നിന്നാണ് വാങ്ങിയത്. ഈ പ്രശ്നം പരിഹരിക്കാൻ കേരഫെഡ് വിതരണ അടിത്തറ വൈവിദ്ധ്യവൽക്കരിക്കാൻ തീരുമാനിച്ചു.


സുതാര്യമായ നൂതന സംരംഭങ്ങൾ
എൻ.ഇ.എം.എൽ പോലുള്ള അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ സുതാര്യമാക്കും. എൻ.സി.ഇ.ഡി.എക്‌സിന് കീഴിലുള്ള എൻ.ഇ.എം.എൽ ന്യായമായ വിലനിർണയത്തിലൂടെ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തുറന്ന പ്രവേശനം ഉറപ്പാക്കുന്നു.

കാർട്ടലുകളെ നിയന്ത്രിക്കും
എൻ.ഇ.എം.എൽ( NeML ) ഇ-ലേലം ആരംഭിച്ചതോടെ വിപണി നിയന്ത്രിച്ചിരുന്ന ചില വ്യാപാരി കാർട്ടലുകൾക്ക് പ്രശ്നമായി. സുതാര്യതയും ആരോഗ്യപരമായ മത്സരവും നേരിട്ട ഈ വ്യാപാരികളാണ് പുതിയ സംവിധാനങ്ങളെ ആസൂത്രിതമായി ദുർബലപ്പെടുത്തുവാൻ കേരഫെഡിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. കൊപ്ര, പച്ച തേങ്ങ തുടങ്ങിയവയുടെ സംഭരണത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്ക് തിരുവനന്തപുരത്തെ കേരഫെഡ് കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.