olympics

ടോക്യോയിലെ കണ്ണീരിൽ നിന്ന്

പാരീസിലെ വെങ്കലത്തിലേക്ക്

തന്റെ 16-ാം വയസിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേ‌ടി വിസ്മയം സൃഷ്ടിച്ച മനു ഭാക്കർ മൂന്ന് വർഷം മുമ്പ് ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ മത്സരസമയത്ത് സാങ്കേതികപ്പിഴവുകാരണം തോക്ക് പണിമുടക്കിയത് അന്ന് കൗമാരം കടന്നിട്ടില്ലാത്ത അവളെ വല്ലാതെ തകർത്തുകളഞ്ഞു. മെഡൽ നേടുന്നത് പോയിട്ട് ഫൈനൽ റൗണ്ടിൽ കടക്കുന്നതിന് കഴിയാതെയാണ് മനുവിന് മടങ്ങേണ്ടിവന്നത്. ടോക്യോയിലെ ഏറ്റവും വലിയ സങ്കടക്കാഴ്ചയായിരുന്നു ഷൂട്ടിംഗ് റേഞ്ചിൽ നിറഞ്ഞൊഴുകിയ കണ്ണുകളോടെ നിന്ന മനു.

അവിടെ നിന്നാണ് പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ വേട്ടക്കാരിയായി, ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഇന്നലെ പാരീസിൽ മനു ഭാക്കർ എന്ന 22കാരി ചരിത്രം കുറിച്ചത്. ടോക്യോയിൽ നിന്ന് പാരീസിലേക്കുള്ള മനുവിന്റെ യാത്ര ഏതൊരു അത്‌ലറ്റിനും പാഠമാണ്. തിരിച്ചടികളിൽ പതറുന്നവർക്കുള്ളതല്ല മത്സരവേദികളെന്ന് മനുവിന്റെ പിന്നീടുള്ള പ്രകടനം പറയും. തന്റെ പിഴവുകളും തെറ്റായ തീരുമാനങ്ങളും തിരുത്തി മുന്നേറാനുള്ള ആർജവമാണ് മനുവിനെ വിജയപഥത്തിലേക്ക് തിരിച്ചെത്തിച്ചത്. ടോക്യോ ഒളിമ്പിക്സിന് തൊട്ടുമുമ്പ് പരിശീലകനായിരുന്ന ജസ്പ്രീത് റാണയുമായി പിണങ്ങിപ്പിരിയേണ്ടിവന്നത് മനുവിന് വലിയ തിരിച്ചടിയായിരുന്നു. ടോക്യോയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം റാണയുമായുള്ള ഭിന്നതകൾ പരിഹരിക്കാനും വീണ്ടും ഒരുമിച്ച് പരിശീലനം നടത്താനുമുള്ള പക്വതയാർന്ന തീരുമാനമെട‌ുത്തത് മനുവിന് മാനസികമായും ശക്തി പകർന്നു. അതിന് ശേഷമായിരുന്നു ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടാൻ കഴിഞ്ഞത്.

അച്ഛന്റെ 1.5 ലക്ഷത്തിൽ

തുടങ്ങിയ ഷൂട്ടിംഗ്

ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിലെ ഒരു ജാട്ട് കുടുംബത്തിലാണ് 2002 ഫെബ്രുവരി 18ന് മനു പിറന്നത്. അച്ഛൻ രാംകിഷൻ ഭാക്കർ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറായിരുന്നു. ചെറുപ്രായത്തിൽതന്നെ കായികരംഗത്ത് സജീവമായിരുന്നു മനു. മണിപ്പൂരി മാർഷ്യൽ ആർട്ടായ ഹ്യുയേൻ ലല്ലോംഗായിരുന്നു ഇഷ്ട ഇനം. സ്കൂൾ തലത്തിൽ ബോക്സിംഗ്,ടെന്നിസ്,സ്കേറ്റിംഗ് എന്നിവയിലെല്ലാം ദേശീയ തലത്തിൽ മത്സരിച്ച് മെഡലുകൾ നേടിയിട്ടുണ്ട്.

2016ൽ തന്റെ 14-ാം വയസിലാണ് മനു ഷൂട്ടിംഗിലേക്ക് തിരിയുന്നത്. മകൾക്ക് പരിശീലനത്തിനായി ഒന്നര ലക്ഷം രൂപ ചെലവിട്ട് തോക്കുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ രാംകിഷൻ ഭാക്കറാണ് വഴിത്തിരിവ് സൃഷ്ടിച്ചത്. തന്റെ ഏകാഗ്രതയും ഉന്നവും കൊണ്ട് അന്ന് പരിശീലകരെപ്പോലും അവൾ അത്ഭുതപ്പെടുത്തിയിരുന്നു.

വട്ടിയൂർക്കാവിൽ

വിരിഞ്ഞ പ്രതിഭ

മനു ഭാക്കർ ദേശീയ തലത്തിൽ തന്റെ വരവറിയിക്കുന്നത് 2015ൽ കേരളത്തിൽ നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാണ്. വട്ടിയൂർക്കാവിലെ അന്താരാഷ്ട്ര ഷൂട്ടിംഗ് റേഞ്ചിൽ മികച്ച പ്രകടനം കാഴ്ചവച്ച മനു തുടർന്ന് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായി. 2017ൽ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും നേടി. 2018ൽ ​ത​ന്റെ​ 16​-ാം​ ​വ​യ​സി​ൽ മെക്സിക്കോയിലെ ഗ്വഡലജാറയിൽ നടന്ന ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയതോടെ വിസ്മയമായി മാറി. 2018​ൽ​ തന്നെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലും ​ ​യൂ​ത്ത് ​ഒ​ളി​മ്പി​ക്സി​ലും​ ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ജേ​താവായി മാറി.2018​ലെ​യും​ 2019​ലെ​യും​ ​ഷൂ​ട്ടിം​ഗ് ​ലോ​ക​ക​പ്പു​ക​ളി​ലും​ 2021​ലെ​ ​ലോ​ക​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഗെ​യിം​സി​ലും ഈ​യി​ന​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു.​