petrol-price

ന്യൂഡല്‍ഹി: സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വിലയില്‍ വന്നത് വന്‍ ഇടിവാണ്. ഇത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്തിരുന്നു. 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയാണ് നികുതി കുറച്ചത്. സ്വര്‍ണത്തേക്കാള്‍ സാധാരണക്കാരന്റെ നിത്യജീവിതത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണ് പെട്രോള്‍ വില. രാജ്യത്തെ ഉയര്‍ന്ന പെട്രോള്‍ - ഡീസല്‍ വിലയും കുറയ്ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പെട്രോള്‍ - ഡീസല്‍ വിലയില്‍ കുറവ് വരണമെങ്കില്‍ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ മതിയാകില്ലെന്നതാണ് തീരുമാനം വൈകാന്‍ കാരണമാകുന്നത്. ഇതിന് സംസ്ഥാനങ്ങള്‍ കൂടി മനസ്സുവയ്ക്കണം. നിലവില്‍ രാജ്യത്ത് ഇന്ധനത്തിന് മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ആണ് ഈടാക്കുന്നത്. ഇതിന് പകരം ജിഎസ്ടി അതവാ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താം എന്ന നിര്‍ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

'സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച് എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാന്‍ കഴിയും,'' ധനമന്ത്രി അഭിപ്രായപ്പെട്ടു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്തതിനാല്‍ നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ട് നികുതിയാണ് ഉപഭോക്താക്കള്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നികുതിക്ക് പുറമേ കേന്ദ്രത്തിന് എക്‌സൈസ് തീരുവ കൂടി നല്‍കണം.

എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോള്‍ വിലയില്‍ വലിയ കുറവ് രേഖപ്പെടുത്താന്‍ കഴിയും. ഇത് സാധാരണക്കാരന് വലിയ ആശ്വാസമാകുകയും ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ വലിയ കുറവ് വരുമെന്നതിനാല്‍ കേരളം ഉള്‍പ്പെടെയുള്ളവര്‍ ഇത് മുമ്പ് അംഗീകരിച്ചില്ല. ബഡ്ജറ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞതിനാല്‍ തന്നെ ഈ നിര്‍ദേശം അംഗീകരിക്കപ്പെടാന്‍ സാദ്ധ്യത കുറവുമാണ്.