road
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള പാതയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണത്തിന് രൂപരേഖയായി. ബൈപ്പാസിനേയും വിഴിഞ്ഞം പാതയേയും ക്ലോവര്‍ ലീഫ് മാതൃകയിലുള്ള റോഡ് നിര്‍മിച്ച് ബന്ധിപ്പിക്കാനാണ് പദ്ധതി. കേരളത്തില്‍ ഇതാദ്യമായിട്ടാണ് ഈ മാതൃകയിലുള്ള റോഡ് നിര്‍മിക്കാന്‍ പോകുന്നത്. നിര്‍ദിഷ്ട ഔട്ടര്‍ റിംഗ് റോഡുമായും ബന്ധിപ്പിക്കുന്ന തരത്തിലാകും നിര്‍മാണം. ഭരണാനുമതി ലഭിച്ചാല്‍ പ്രധാനമായ ഘട്ടങ്ങളിലേക്ക് കടക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ പദ്ധതിക്കായുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. നാല് വൃത്തങ്ങള് പരസ്പരം ചേരുന്ന രൂപത്തേയാണ് ക്ലോവര്‍ ലീഫ് എന്ന് പറയുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള റോഡുകള്‍ ഇതിന് മുമ്പ് നിര്‍മിച്ചിട്ടില്ലെങ്കിലും ചെന്നൈ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഈ മാതൃക നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാകും കേരളത്തിലെ റോഡും നിര്‍മിക്കുക.

പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ 20 ഏക്കറോളും ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടത്തില്‍ നിന്ന് 1.7 കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ നിര്‍മിക്കുന്ന രണ്ട് മേല്‍പ്പാലങ്ങളുടെ പണി അവസാന ഘട്ടത്തിലാണ്. ബൈപ്പാസിലെ മറ്റ് യാത്രക്കാരെയും ഗതാഗതത്തേയും ബാധിക്കാത്ത തരത്തില്‍ തുറമുഖത്തേക്കും പുറത്തേക്കും വരുന്ന വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് പദ്ധതികൊണ്ടുള്ള ഗുണം. പദ്ധതിയുടെ എസ്റ്റിമേറ്റ്, നിര്‍മാണ ചുമതല തുടങ്ങിയവയിലേക്ക് അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് കടക്കാനൊരുങ്ങുകയാണ് അധികൃതര്‍.