തിരുവനന്തപുരം: എൽ.ഡി.എഫ് തന്നെ കേരളത്തിൽ മൂന്നാമതും അധികാരത്തിലേറാനാണ് സാദ്ധ്യതയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാ നേതാക്കൾക്കും ഓരോ ശൈലിയുണ്ടാകും. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നൊന്നും പറയാൻ താൻ ആളല്ലെന്നും മാദ്ധ്യമപ്രവർത്തകരോട് വെള്ളാപ്പള്ളി വ്യക്തമാക്കി.
ഇടതുമുന്നണിയെക്കാൾ യു.ഡി.എഫിന്റെ വോട്ടുകളാണ് കൂടുതലും എൻ.ഡി.എയ്ക്ക് ലഭിക്കുന്നത്. അതിന്റെ ഗുണം കിട്ടുക ഇടതുമുന്നണിക്കാണ്. എൻ.ഡി.എയാണിപ്പോൾ ഇടതുമുന്നണിയുടെ ഐശ്വര്യം. ഇടതുപാർട്ടികളെ സ്വന്തം രക്തം നൽകിയ വളർത്തിയവരാണ് പിന്നാക്ക, പട്ടിക വിഭാഗങ്ങൾ. അവരെ മറന്ന് ന്യൂനപക്ഷ പ്രീണനം നടത്തിയതിന്റെ പ്രതിഫലനമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. തെറ്റു തിരുത്തിയാൽ ഇടതുമുന്നണിയെ അവർ പിന്തുണയ്ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചെങ്കിലും അത് കുടിശികയാക്കി. മാവേലി സ്റ്റോറുകൾ കാലിയാണ്. പാവപ്പെട്ടവന്റെ വേദന ഇടതു സർക്കാർ മനസിലാക്കാതെ പോയി. പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും താൻ തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതാണ്. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ അത് കടമയാണ്. ഇപ്പോൾ മുസ്ലിം വിരുദ്ധനായും ഗാന്ധി വിരുദ്ധനായും കള്ളുകച്ചവടക്കാരനായും തന്നെ ചിത്രീകരിക്കാനാണ് വ്യാപക ശ്രമം. താൻ മുസ്ലിം വിരുദ്ധനൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരായ തന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതിയംഗങ്ങളിൽ ചിലർ രാജിവച്ചതാണ് പരിഹാസ്യമെന്നും അദ്ദേഹം പറഞ്ഞു