accident

കോഴിക്കോട്: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

കാർ തിരിക്കുന്നതിനിടെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് നിസാര പരിക്കുകളുണ്ട്.

അതിനിടെ തലസ്ഥാനത്ത് പൊലീസ് ജീപ്പ് ആറ്റിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായി. പേട്ട പൊലീസ് സ്റ്റേഷനിലെ വാഹനം പാർവതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. ഇന്നുപുലർച്ചെ രണ്ടരയോടെ കരിക്കകം ആറ്റുവരമ്പ് എന്ന സ്ഥലത്തായിരുന്നു അപകടം.

പാർവതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടർന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. പാർശ്വഭിത്തി തകർത്തുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വാഹനം ആറ്റിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. ഒരു എസ്ഐയും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ ഉടൻതന്നെ കരയ്ക്കുകയറി. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി. പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.