പണ്ട് കാലത്ത് ഒരു പ്രായം കഴിഞ്ഞാല്‍ മാത്രം ആളുകളെ ബാധിച്ചിരുന്ന പല രോഗങ്ങളും ഇന്ന് യുവാക്കളില്‍ പോലും വളരെ സാധാരണമായി കാണപ്പെടുന്നുവെന്നതാണ് ആരോഗ്യരംഗം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. ചില രോഗങ്ങള്‍ ജനിതകപരമാണെങ്കില്‍ മറ്റ് ചിലത് ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. അത്തരത്തില്‍ ഒന്നാണ് കരള്‍ രോഗങ്ങള്‍. സ്ഥരമായുള്ള മദ്യപാനം, അമിതമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്ന ശീലം എന്നിവയാണ് കരള്‍ രോഗങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണം.
മരുന്നിലൂടെ മാത്രമായി കരള്‍ രോഗത്തെ നേരിടാന്‍ കഴിയില്ലെന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചിട്ടയായ ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ മരുന്ന് പോലെതന്നെയോ അല്ലെങ്കില്‍ അതിനേക്കാളുപരിയായോ സ്ഥാനമര്‍ഹിക്കുന്നുണ്ട്. മദ്യപാനികളെ സംബന്ധിച്ച് കരള്‍ സംരക്ഷിക്കുന്നതിനായി മദ്യം ഉപേക്ഷിക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അതിന് ശേഷം മാത്രമേ മറ്റ് ഉപാധികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കരളിന്റെ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒന്നാണ് ഓട്‌സ്. ഫൈബര്‍ (നാരുകള്‍) അടങ്ങിയ ഓട്‌സ് കരളിനെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ ആണ് മറ്റൊന്ന്. ദിവസവും രണ്ട് നേരം ഗ്രീന്‍ ടീ കുടിക്കുന്നത് കരളിലെ ക്യാന്‍സര്‍ സാദ്ധ്യതയെ വരെ പ്രതിരോധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണത്തിനൊപ്പം ധാരാളം ഇലക്കറികള്‍ കഴിക്കുന്നത് കരള്‍ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. മുന്തിരങ്ങ കരളിന് വളരെ നല്ലതാണ്. സ്ഥിരമായി മുന്തിരങ്ങ കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. ഇതിന്റെ ഫലം ശരീരത്തില്‍ വളരെപ്പെട്ടെന്ന് ദൃശ്യമാകുമെന്നാണ് പറയപ്പെടുന്നത്.