dd

കൊച്ചി : കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ഡി.ജെ പാർട്ടിക്കായി ലഹരിമരുന്ന് എത്തിച്ച സംഘം പിടിയിൽ. യുവതി ഉൾപ്പെടെ അഞ്ചംഗ സംഘമാണ് പിടിയിലായത്. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിക്കായാണ് സംഘം എം.ഡി.എം.എ, ഹാഷിഷ് ഓയിൽ,​ കഞ്ചാവ് എന്നിവയുമായി എത്തിയത്. രഹസ്യ വിവരത്തെ തുടർന്നെത്തിയ എക്സൈസ് ഇവരെ പിടികൂടുകയായിരുന്നു.

എറണാകുളം,​ കൊല്ലം സ്വദേശികളാണ് പിടിയിലായത്. ഡി.ജെ പാർട്ടിക്ക് വേണ്ടിയാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇവർക്ക് ലഹരിവസ്തുക്കൾ എവിടെ നിന്ന് ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരൂരിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. 12 ഗ്രാം എം.ഡി.എം.എയുമായി വെട്ടം പച്ചാട്ടിരി കൂലിപറമ്പിൽ ശ്രീജിത്തിനെ (20) തിരൂർ പൊറ്റെത്തപ്പടിയിൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലും 8 ഗ്രാം രാസലഹരിയുമായി മാങ്ങാട്ടിരി തെക്കുമുറി പുതിയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയും (22)​ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിൽ രാസലഹരിയുടെ വിപണനം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടം പരിശോധന ശക്തമാക്കിയത്. പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും.

തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്പെക്ടർ കെ.ജെ.ജിനേഷ് , സബ് ഇൻസ്പെക്ടർ ആർ.പി.സുജിത്ത്,​ സബ് ഇൻസ്പെക്ടർ കെ.പ്രതീഷ്‌കുമാർ, എസ്.സി.പി.ഒമാരായ കെ.ആ‌ർ. രാജേഷ്, കെ.ജിനേഷ്,​ സിവിൽ പൊലീസ് ഓഫീസർമാരായ സി. അരുൺ, ഡി.ധനേഷ് കുമാർ എന്നിവരും ഡാൻസാഫ് സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.