ഉപരിപഠനത്തിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് വ്യാപകമാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയ്ക്കും നല്ലതല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പഠനത്തിനായി പോകുന്നവര്‍ അവിടെ തന്നെ നല്ല ജോലി നേടുകയും പിന്നീട് പൗരത്വം ഉള്‍പ്പെടെ സ്വീകരിച്ച് തിരിച്ച് വരാതിരിക്കുന്ന പ്രവണതയും വ്യാപകമാണ്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നുവെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം 12 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. അടുത്ത വര്‍ഷമാകുമ്പോള്‍ ഈ കണക്ക് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ ആകാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കാര്യങ്ങള്‍ മാറിവരികയാണെന്നാണ് 2024 മാര്‍ച്ച് മുതല്‍ മേയ് വരെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്യാന്‍ധാന്‍ ആണ് പഠനം നടത്തിയത്. 2023ല്‍ മാര്‍ച്ച് - മേയ് കാലയളവ് പരിശോധിച്ചാല്‍ വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ കണക്കില്‍ 22 ശതമാനം കുറവുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ കൂടുതലായി വിദേശത്തേക്ക് പോകുന്ന തെലങ്കാനയില്‍ 30 ശതമാനവും ഗുജറാത്തില്‍ 35 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന വായ്പയുടെ എണ്ണത്തില്‍ 12.39 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുറയുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. തൊഴിലവസരങ്ങള്‍ കുറയുന്നതും ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ പല രാജ്യങ്ങളും തീരുമാനിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടവ.
ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ഫീസ്, അക്കൗണ്ടില്‍ കാണിക്കേണ്ട തുക എന്നിവ ഉയര്‍ത്തിയതും സ്വദേശിവത്കരണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. കാനഡയും സമാനമായ തീരുമാനമെടുത്തിരുന്നു. യുകെയും അധികം വൈകാതെ സമാനമായ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം, വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്കും ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള തീരുമാനം പല സര്‍വകലാശാലകള്‍ക്കും തിരിച്ചടിയാണ്.
അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ സര്‍വകലാശാലകള്‍ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.ഇപ്പോഴത്തെ പ്രതിസന്ധി വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അനാരോഗ്യകരമായ വിപണി പ്രവണതകളെ ഇല്ലാതാക്കും. മികച്ചതും കുറ്റമറ്റതുമായ സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.