pic

മോസ്കോ : ജർമ്മനിയിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ദീർഘ ദൂര മിസൈലുകൾ വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരെ റഷ്യ രംഗത്ത്. തീരുമാനവുമായി മുന്നോട്ടുപോകാനാണ് യു.എസിന്റെ ശ്രമമെങ്കിൽ മദ്ധ്യദൂര ആണവായുധങ്ങളുടെ നിർമ്മാണം തങ്ങൾ പുനരാരംഭിക്കുമെന്നും തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു.

500 മുതൽ 5,500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ വിന്യസിക്കാനാണ് യു.എസിന്റെ നീക്കം. 1987ൽ യു.എസും സോവിയറ്റ് യൂണിയനും ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടിക്ക് കീഴിൽ വരുന്നതായിരുന്നു മദ്ധ്യദൂര ആണവയാധുങ്ങൾ.

എന്നാൽ ഇരുകൂട്ടരും ഉടമ്പടിയിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചതോടെ 2019ൽ കരാർ തകർന്നു. പക്ഷേ, ഇത്തരം വിഭാഗത്തിലെ ആയുധങ്ങൾ യു.എസ് വിദേശത്ത് വിന്യസിക്കാത്ത പക്ഷം തങ്ങൾ അവയുടെ ഉത്പാദനം ആരംഭിക്കില്ലെന്ന് റഷ്യ അറിയിച്ചു. ടോമഹോക്ക് ക്രൂസ് മിസൈലുകൾ അടക്കമുള്ള ദീർഘദൂര മിസൈലുകൾ 2026 മുതൽ ജർമ്മനിയിൽ വിന്യസിക്കുമെന്ന് ഈ മാസം ആദ്യമാണ് യു.എസ് അറിയിച്ചത്.

യു.എസിന്റെ നീക്കം തങ്ങളുടെ ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി. റഷ്യൻ ഭരണ, സൈനിക കേന്ദ്രങ്ങൾ ഇത്തരം മിസൈലുകളുടെ പരിധിയിൽ വരുമെന്നും ആക്രമണമുണ്ടായാൽ 10 മിനിറ്റിനുള്ളിൽ റഷ്യയ്ക്ക് നേരെ അവ പാഞ്ഞെത്തുമെന്നും പുട്ടിൻ വ്യക്തമാക്കി.

ശീതയുദ്ധ കാലഘട്ടത്തെയാണ് യു.എസിന്റെ പ്രകോപനങ്ങൾ ഓർമ്മപ്പെടുത്തുന്നതെന്നും പുട്ടിൻ പറഞ്ഞു. യുക്രെയിനിലേക്ക് യു.എസ് സൈനികരെ അയച്ചാൽ ആണവ യുദ്ധത്തിന് മടിക്കില്ലെന്ന് മാർച്ചിൽ പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.