cinema

മുംബയ്: ജീവിതത്തില്‍ ഒരിക്കല്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി തിലോത്തമ ഷോമി. അന്നത്തെ അനുഭവം തനിക്ക് വളരെ വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വച്ചുണ്ടായ അനുഭവമാണ് അവര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ജനുവരി- ഫെബ്രുവരി മാസത്തിലൊരിക്കലാണ് ഈ സാഹചര്യം നേരിടേണ്ടിവന്നതെന്നും നടി പറഞ്ഞു.

ഒരിക്കല്‍ ഡല്‍ഹിയില്‍ ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം. പെട്ടെന്ന് ഒരു കാര്‍ തനിക്ക് അരികില്‍ വന്ന് നിന്നു. അതില്‍ നിന്ന് ഒരു സംഘം ആളുകള്‍ പുറത്തേക്ക് ഇറങ്ങി. ചുറ്റും കൂടിയ അക്കൂട്ടര്‍ അനാവശ്യമായി ഓരോന്ന് പറയാനും ശല്യം ചെയ്യാനും തുടങ്ങി. അല്‍പ്പം മാറി നില്‍ക്കുകയാണ് ചെയ്തത്. അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്ന് തോന്നിയെങ്കിലും അവര്‍ പിന്നാലെ വരുമെന്ന ഭയം കാരണം അത് ചെയ്തില്ല.

സഹായത്തിനായി അതുവഴി വരുന്ന ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാമെന്നും കരുതിയാണ് അവിടെ തന്നെ നിന്നത്. ഒരുപാട് വണ്ടികള്‍ അതുവഴി കടന്നുപോയെങ്കിലും കൈകാണിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഒരു മെഡിക്കല്‍ ചിഹ്നം രേഖപ്പെടുത്തിയ കാര്‍ കണ്ടപ്പോള്‍ അല്‍പ്പം ധൈര്യവും ആശ്വാസവും തോന്നി കൈകാണിച്ചു. അയാള്‍ വാഹനം നിര്‍ത്തി. ശല്യക്കാരില്‍ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തില്‍ അപരിചിതനായ അയാള്‍ക്കൊപ്പം മുന്‍ സീറ്റില്‍ തന്നെ കയറി ഇരുന്നു.

എന്നാല്‍ വാഹനം അല്‍പ്പം മുന്നോട്ട് പോയപ്പോള്‍ അയാള്‍ കയ്യില്‍ കയറി പിടിച്ചു. പിന്നീട് പാന്റിന്റെ സിബ് തുറന്നു. അപ്പോഴേക്കും അയാള്‍ ഉദ്ദേശിക്കുന്നതിലെ അപകടം മനസ്സിലാക്കി. അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാന്‍ ശരിക്കും വിറച്ചുപോയി. എന്നാല്‍ തിരിച്ചടിക്കാനുള്ള എന്റെ അവബോധം അപകടകരമായ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ഒരുപാട് സഹായിച്ചു- തിലോത്തമ പറഞ്ഞു.