cricket

പല്ലെക്കെലെ: ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മഴ കാരണം വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 1.3 ഓവറുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായത് മലയാളികള്‍ക്ക് നിരാശയായി. മഹേഷ് തീക്ഷണയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു മലയാളി താരം.

സ്‌കോര്‍: ശ്രീലങ്ക 161-9 (20), ഇന്ത്യ 81-3 (6.3)

162 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗം ആരംഭിച്ച് മൂന്ന് പന്തുകള്‍ പിന്നിട്ടപ്പോള്‍ മഴയെത്തി. ഒരു മണിക്കൂറോളം മത്സരം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്. എട്ട് ഓവറില്‍ 78 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ ആവശ്യം. സഞ്ജു പുറത്തായപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12 പന്തില്‍ നിന്ന് 26 റണ്‍സ് നേടി പുറത്തായി. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്‌സ്.

യശ്വസി ജയ്‌സ്‌വാള്‍ 30(15) റണ്‍സ് നേടി പുറത്തായി. മൂന്ന് ഫോറും രണ്ട് സിക്‌സും പായിച്ച ശേഷമാണ് യുവ ഓപ്പണര്‍ മടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ 22*(9), റിഷബ് പന്ത് 2*(2) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി തീക്ഷണയും ഹസരംഗയും പതിരനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇതേ വേദിയില്‍ ചൊവ്വാഴ്ച നടക്കും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഒരവസരത്തില്‍ 15 ഓവറില്‍ 130ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയത്. ഓപ്പണര്‍മാരായ പാത്തും നിസംഗ 32(24), കുസാല്‍ മെന്‍ഡിസ് 10(11) റണ്‍സ് വീതം നേടിയപ്പോള്‍ കുസാല്‍ പെരേര 53(34) അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. കമിന്ദു മെന്‍ഡിസ് 26(23) ക്യാപ്റ്റന്‍ ചാരിത് അസലംഗ 14(12) റണ്‍സ് വീതവും നേടി.

ദസുണ്‍ ഷനക 0(1), വാണിന്ദു ഹസരംഗ 0(1) എന്നിവര്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. രമേഷ് മെന്‍ഡിസ് 12(10) റണ്‍സും മഹേഷ് തീക്ഷണ 2(3) റണ്‍സും നേടി പുറത്തായപ്പോള്‍ മതീഷ പതിരനെ 1*(1) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.