fff

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാവരണം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ എഡോഗാവയിലെ ഫ്രീഡം പ്ലാസ പാർക്കിൽ നടന്ന ചടങ്ങിൽ എഡോഗാവ മേയർ റ്റകേഷി സൈറ്റോ, വിദേശകാര്യ ഉപമന്ത്രി മസാഹിറോ കൊമൂറ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പാർക്കിനെ ഉടൻ ഗാന്ധി പാർക്ക് എന്ന് പുനർനാമകരണം ചെയ്യും.

ലോകം സംഘർഷങ്ങൾക്കും ധ്രുവീകരണത്തിനും രക്തച്ചൊരിച്ചിലിനും സാക്ഷ്യം വഹിക്കുന്ന ഇന്ന് ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം ഏറെ പ്രസക്തമാണെന്ന് ജയശങ്കർ പറഞ്ഞു. ലാവോസിൽ ആസിയാൻ യോഗങ്ങളിൽ പങ്കെടുത്ത ശേഷം ഇന്നലെയാണ് ജയശങ്കർ ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയത്.

ഇന്ന് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജയശങ്കർ ഇന്നലെ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.