shamseena

ജീവിതത്തിൽ ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. ചെറുതും വലുതുമായ സ്വപ്‌നങ്ങൾക്ക് പിന്നാലെ ഓടുന്ന നിരവധിപേരുണ്ട്. എന്നാൽ, റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാതെ ഇഷ്‌ടമല്ലാത്ത ജോലിയും ജീവിതവും തിരഞ്ഞെടുത്ത് മനസില്ലാ മനസോടെ അതുമായി പൊരുത്തപ്പെടും. മറ്റ് ചിലരാകട്ടെ, സ്വപ്‌നം നേടിയെടുക്കാൻ പരിശ്രമിക്കും. പക്ഷേ, മുന്നിലേക്ക് വരുന്ന പ്രതിസന്ധികൾ കാരണം അവ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങും. പ്രത്യേകിച്ച് ഈ സ്വപ്‌നം കാണുന്നയാൾ ഒരു സ്‌ത്രീയാണെങ്കിൽ പ്രതിസന്ധികൾ കുറച്ചുകൂടി കടുക്കും. വിവാഹം, കുടുംബം, കുട്ടികൾ തുടങ്ങി പല പല കാര്യങ്ങൾ അവരെ വേട്ടയാടും.

എന്നാൽ, മുന്നിലേക്ക് വന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത് തന്റെ ആഗ്രഹങ്ങൾക്കും ഇഷ്‌ടങ്ങൾക്കും ഒരു വിട്ടുവീഴ്‌ചയും വരുത്താതെ ജീവിക്കുന്ന നിരവധി സ്‌ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവരുടെ വിജയത്തിന് പിന്നിൽ കഷ്‌ടപ്പാടിന്റെ കഥയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പോരാടിയ മനസുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ നാല് വർഷമായുണ്ടായ ബുദ്ധിമുട്ടുകളെയെല്ലാം മറികടന്ന് സ്വന്തം ഇഷ്‌ടത്തിനായി പ്രയ‌ത്നിച്ച് വിജയിച്ച ഷംസീനയെ പരിചയപ്പെടാം.

കാസർകോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് ഷംസീന. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന പലർക്കും ഷമ്മു എന്ന പേരാണ് സുപരിചിതം. തലശേരിയിലെ ഒരു കോളേജിൽ ബിഎ സോഷ്യോളജി പഠനം പൂർത്തിയാക്കി ഷമ്മു പിന്നീട് പ്രവാസിയായ ഭർത്താവിനും മകൾക്കുമൊപ്പം കുവൈറ്റിൽ താമസമാക്കി. 2019ൽ ലോകമെമ്പാടും കൊവിഡ് വ്യാപിച്ചതോടെ മകളുമൊത്ത് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. വീട്ടിലെത്തിയ ഷംസീനയുടെ മനസിൽ സ്വന്തമായി ബിസിനസ് എന്ന ആശയം ഉണ്ടായിരുന്നു.

ആദ്യ ബിസിനസ്

എന്ത്, എങ്ങനെ തുടങ്ങും എന്ന ചിന്തയിലിരിക്കെയാണ് ഒരു മെഹന്തി കോംപറ്റീഷൻ വന്നത്. താൻ ചെയ്‌ത ഒരു മെഹന്തി ഡിസൈനിന്റെ ചിത്രം ഷമ്മു അയച്ചുകൊടുത്തു. മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്‌തു. തുടർന്ന് മെഹന്തി ഡിസൈൻ ചെയ്യുന്ന ഒരുപാടുപേരെ പരിചയപ്പെടാനും മെഹന്തി കോൺ ഉണ്ടാക്കാനും പഠിച്ചു. ഇതോടെ ചെറിയ രീതിയിൽ മെഹന്തി കോൺ ഉണ്ടാക്കി പ്രദേശത്തുള്ള കടകളിലും ഓൺലൈനായും വിൽപ്പന നടത്തി.

പിന്നീട് ഷമ്മുവിന്റെ മെഹന്തി കോണിനായി നിരവധി ആവശ്യക്കാരെത്തി. എന്നാൽ, നല്ല രീതിയിൽ ബിസിനസ് പുരോഗമിക്കുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളും ഷമ്മുവിനെ തേടിയെത്തി. കഠിനമായ ശ്വാസതടസം, മെഹന്തി മിക്‌സിംഗ് കാരണമുണ്ടായ അലർജിയാണെന്ന് മനസിലായതോടെ തന്റെ വരുമാനമാർഗം ഷമ്മുവിന് അവസാനിപ്പിക്കേണ്ടി വന്നു. അതിയായ വിഷമം ഉണ്ടായിരുന്നെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം അപ്പോഴും മനസിലുണ്ടായിരുന്നു.

resin-art

അപ്രതീക്ഷിതമായ വഴിത്തിരിവ്

അപ്രതീക്ഷിതമായാണ് റെസിൻ ആർട്ടിന്റെ വീഡിയോ ഷമ്മു ഇൻസ്റ്റഗ്രാമിൽ കണ്ടത്. കൗതുകം തോന്നി അതിനെപ്പറ്റി യൂട്യൂബിൽ തെരഞ്ഞു. ഓഫ്‌ലൈൻ ക്ലാസിന് പോകാതെ ഇതിനെപ്പറ്റി കൂടുതൽ അറിയാൻ സാധിക്കില്ലെന്ന് മനസിലായതോടെ മംസ്‌ആർട്ടിന്റെ രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. അതായിരുന്നു ഷമ്മുവിന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. അങ്ങനെ റെസിൻ ആർട്ട് ഒരു ബിസിനസായി മുന്നോട്ട് കൊണ്ടുപോകാമെന്ന് തീരുമാനിച്ചു. ആദ്യത്തെ വർക്ക് ചെയ്‌ത് റീൽ അപ്ലോഡ് ചെയ്‌തപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത റീച്ചാണ് ലഭിച്ചത്. ലക്ഷക്കണക്കിനുപേർ കണ്ട വീഡിയോയിലൂടെ ഒരുപാട് ഓർഡറുകൾ ലഭിക്കുകയും ചെയ്‌തു.

എന്താണ് റെസിൻ ആർട്ട്

നമ്മുടെ നല്ല ഓർമകൾ സൂക്ഷിച്ചുവയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് റെസിൻ ആർട്ട്. പ്രിയപ്പെട്ട ചിത്രങ്ങൾ, സമ്മാനങ്ങൾ, വിവാഹത്തിന് ഉപയോഗിക്കുന്ന വർമാല, പൂക്കൾ, മരണപ്പെട്ടവരുടെ ഓർമകൾ തുടങ്ങി നശിച്ചുപോകുന്ന സാധനങ്ങളെല്ലാം നമുക്ക് റെസിൻ ആർട്ടിലൂടെ പ്രിസർവ് ചെയ്യാൻ സാധിക്കും. കാലക്രമേണ നശിച്ചുപോകുന്നവ എന്നെന്നും സൂക്ഷിക്കാൻ സാധിക്കുന്നതിനാൽ 'പ്രിസർവ് യുവർ മെമ്മറീസ് ' എന്നും ഈ ആർട്ടിനെ പറയുന്നുണ്ട്. ചെയ്യുന്ന വർക്ക് അനുസരിച്ച് ഒരെണ്ണം തയ്യാറാക്കാൻ മൂന്ന് മുതൽ ഏഴ് ദിവസം വരെ എടുക്കാറുണ്ട്. റെസിന് വില കൂടുതലായതിനാൽ റെസിൻ ആർട്ട് ചെയ്‌തെടുക്കാനും അത്രയേറെ ചെലവുവരും.

വരുമാനം

റെസിൻ ആർട്ട് തുടങ്ങി ഒരു വർഷമാകുന്നതിനിടെ തന്നെ നിരവധി ഓർഡറുകൾ ഷമ്മുവിന് ലഭിച്ചു. ഇതിലൂടെ നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. ലഭിച്ച വരുമാനത്തിൽ നിന്ന് വിനൈൽ സ്റ്റിക്കറുകൾ ഉണ്ടാക്കാനുള്ള മെഷീനും ഷമ്മു വാങ്ങി. 200 രൂപ മുതലാണ് ഷമ്മു റെസിൻ ആർട്ട് ചെയ്യുന്നത്. ഫോട്ടോ ഉൾപ്പെടെയുള്ള കീച്ചെയിനുകൾക്കാണ് 200 രൂപ. പ്രിസർവേഷൻ വർക്കുകൾ 1200 രൂപ മുതൽ തുടങ്ങും. വലിപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുക.

View this post on Instagram

A post shared by | 𝙍𝙚𝙨𝙞𝙣 𝘼𝙧𝙩 𝙗𝙮 𝙎𝙝𝙖𝙢𝙢𝙪 | (@_hundred.shades)



മറക്കാനാകാത്ത അനുഭവം

വളരെ വേണ്ടപ്പെട്ട വസ്‌തുക്കൾ ഓരോരുത്തരും വിശ്വസിച്ച് ഏൽപ്പിക്കുമ്പോൾ ഷമ്മുവിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നാറുണ്ട്. ഏറെ ദൂരെ നിന്ന് പോലും നേരിട്ടെത്തി പലരും വേണ്ടപ്പെട്ട സാധനങ്ങൾ പ്രിസർവ് ചെയ്യാനായി ഏൽപ്പിക്കാറുണ്ട്. ഒരു ക്ലോക്കിന്റെ രൂപത്തിൽ ഫ്ലവർ പ്രിസർവേഷൻ ചെയ്‌തിട്ടുണ്ട്. അത് കണ്ടപ്പോൾ കസ്റ്റമറിന്റെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാനാകാത്തതാണ് എന്ന് ഷമ്മു പറയുന്നു. ഇനിയും പുതിയ വ്യത്യസ്‌തമായ റെസിൻ ആർട്ടുകൾ ചെയ്യണമെന്നാണ് ഷമ്മുവിന്റെ മുന്നോട്ടുള്ള ആഗ്രഹം.

View this post on Instagram

A post shared by | 𝙍𝙚𝙨𝙞𝙣 𝘼𝙧𝙩 𝙗𝙮 𝙎𝙝𝙖𝙢𝙢𝙪 | (@_hundred.shades)


കുടുംബത്തിന്റെ പിന്തുണ

ഉപ്പ ഷംസുദ്ദീൻ, ഉമ്മ സറീന, സഹോദരിമാരായ ഷഹാന, ഷഫ്‌ന എന്നിവരെല്ലാം ഷമ്മുവിന്റെ ബിസിനസിന് സഹായമായിക്കാറുണ്ട്. കൊറിയർ അയയ്‌ക്കാൻ സഹായിക്കുന്നത് ഉമ്മയും കസിൻസുമാണ്. ഭർത്താവ് ലബീബും ഏഴ് വയസുകാരിയായ മകൾ ലിയാനയും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.

സ്‌ത്രീകളോടും പെൺകുട്ടികളോടും പറയാനുള്ളത്

'ആഗ്രഹങ്ങൾ തുറന്ന് പറയുമ്പോൾ പല രക്ഷാകർത്താക്കളും അത് സമ്മതിക്കണമെന്നില്ല. നിങ്ങളുടെ മനസിലുള്ളത് എന്താണെന്ന് തുറന്ന് പറഞ്ഞ് അവരെ കാര്യം മനസിലാക്കുക. ഇഷ്‌ടപ്പെട്ടത് തിരഞ്ഞെടുത്താൽ മാത്രമേ നിങ്ങൾക്ക് സ്‌ട്രസ് ഇല്ലാതെ ജീവിക്കാൻ കഴിയൂ. ഇഷ്‌ടത്തോടെ ചെയ്‌താൽ അത് സക്‌സസ് ആകും. അതിനൊരു ഉദാഹരണമാണ് ഞാൻ.'