അബുദാബി: ദുബായിലെ ടോൾ സംവിധാനമായ സാലിക്കിന്റെ പുതുക്കിയ നിബന്ധനകൾ പ്രകാരം നിയലംഘനം നടത്തുന്നവർക്ക് പ്രതിവർഷം 10,000 ദിർഹം (2,27,954.28 രൂപ) വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പുതിയ വ്യവസ്ഥകൾ പ്രകാരം ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ ഒരു വാഹനത്തിന് ചുമത്തപ്പെടുന്ന തുക 10,000 ദിർഹത്തിൽ കവിയരുതെന്നും വ്യക്തമാക്കുന്നു.
നിയമലംഘനത്തിനുള്ള നോട്ടീസ് ലഭിച്ച് 13 മാസത്തിനുള്ളിൽ ഒരു വ്യക്തിയുടെ ട്രാഫിക് ഫയലിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചതിനുശേഷമേ സാലിക് ടോൾ ഗേറ്റിലൂടെ ആ വാഹനത്തിന് പോകാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, സാലിക് അക്കൗണ്ട് ബാലൻസോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപയോക്താവിന് റീഫണ്ട് ചെയ്യുകയോ മറ്റൊരു സാലിക് അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യില്ല. സാലിക് തങ്ങളുടെ സേനവനം ദുബായിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
അഞ്ചുവർഷത്തെ കരാർ വ്യവസ്ഥയിൽ ദുബായ് മാളിൽ ജൂലായ് ഒന്നുമുതൽ സാലിക് ഗേറ്റുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മാളിലെ പാർക്കിംഗിന് ഒരു മണിക്കൂറിന് 20 ദിർഹവും 24 മണിക്കൂറിന് 1000 ദിർഹവുമാണ് അടയ്ക്കേണ്ടത്.
ദുബായിൽ പാർക്കിംഗ് പേയ്‌മെന്റ് കളക്ഷൻ സംവിധാനം ഡിസൈൻ ചെയ്യുക, ഫിനാൻസ് ചെയ്യുക, വികസിപ്പിക്കുക, സ്ഥാപിക്കുക, നടത്തിക്കുക എന്നീ ചുമതലകളാണ് സാലിക്കിനുള്ളത്. സാലിക്കിൽ ഇതുവരെ 4.1 ദശലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തങ്ങളുടെ ടാഗുകളിൽ പ്രശ്‌നങ്ങൾ നേരിടുന്നവർ 90 ദിവസങ്ങൾക്കുള്ളിൽ അറിയിക്കണമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണിപ്പോൾ. പ്രശ്‌നം പരിശോധിച്ചതിനുശേഷം അധികഫീസ് ചുമത്താതെ തന്നെ ടാഗ് ഉപഭോക്താവിന് മാറ്റി നൽകുന്നതാണെന്നും കമ്പനി അറിയിക്കുന്നു.
വാഹനത്തിന്റെ നമ്പർ പ്ളേറ്റോ വാഹനമോ മോഷണം പോയാൽ സാലിക് ടാഗ് ഡീആക്‌ടിവേറ്റ് ചെയ്യാൻ ഉടനടി കമ്പനിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. അല്ലാത്തപക്ഷം പ്രസ്തുത ഉപഭോക്താവിന്റെ സാലിക് അക്കൗണ്ടിൽ നിന്ന് ടോൾ, പിഴ എന്നിവ പിടിക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
അഞ്ച് വർഷത്തേയ്ക്ക് ടോളുകളോ പേയ്‌മെന്റുകളോ ബാലൻസ് റീചാർജുകളോ നടക്കാതിരുന്നാൽ സാലിക് അക്കൗണ്ട് പ്രവർത്തനരഹിതമാകുമെന്ന് ടോൾ ഓപ്പറേറ്റർ അറിയിക്കുന്നു. അക്കൗണ്ട് നിഷ്‌ക്രിയമാകുമ്പോൾ, ശേഷിക്കുന്ന തുക നഷ്ടപ്പെടുകയും ചെയ്യും.