gold

സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാറുളള തൃശൂരിലെ ഈയടുത്തകാലത്തായി തട്ടിപ്പുകളുടെ തലസ്ഥാനമെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. വർഷങ്ങൾക്ക് മുൻപ് തന്നെ കുറിക്കമ്പനികളുടെ തറവാടായിരുന്ന തൃശൂരിന് പണമിടപാടുകളുടെ സുതാര്യതയുടെ പേരിൽ സൽപ്പേരുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. സ്വർണാഭരണ നിർമ്മാണത്തിലും വിൽപ്പനയിലും രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളിലൊന്നായി തൃശൂർ മാറിയപ്പോൾ സ്വർണം കേന്ദ്രീകരിച്ചുളള തട്ടിപ്പുകളുടെ എണ്ണവും പെരുകി. ഇതുകൂടാതെ കവർച്ചകളും അക്രമങ്ങളും വേറെയും. സ്വർണാഭരണ കേന്ദ്രത്തിൽ കഴിഞ്ഞദിവസം തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചാണ് സ്വർണവുമായി അക്രമിസംഘം കടന്നത്. സ്വർണാഭരണ നിർമ്മാണകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചകൾ ആവർത്തിക്കുമ്പോൾ, മറുവശത്ത് പണത്തട്ടിപ്പുകളും തകൃതിയാണ്. നിരവധി ബാങ്കുകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും കേന്ദ്രമാണ് തൃശൂർ. ദക്ഷിണേന്ത്യയിൽ തന്നെ നിരവധി സ്വർണക്കടകളും സ്വർണാഭരണനിർമ്മാണ കേന്ദ്രങ്ങളുമുള്ള തൃശൂരിൽ കഴിഞ്ഞ ഡിസംബറിൽ സ്വർണക്കവർച്ച നടന്നതിനു പിന്നാലെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സിനിമാ സ്റ്റൈലിൽ തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടന്നത്. പ്രതികളെ മുഴുവൻ ഇനിയും പിടികൂടാനായിട്ടില്ല. സ്വർണവും കണ്ടെടുക്കാനായില്ല. സ്വർണത്തിന്റെ ഉയർന്ന വിലയും സ്വർണാഭരണ നിർമ്മാണശാലകളിലും മറ്റുമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവുമാണ് കവർച്ചാ സംഘത്തിന് തുണയാകുന്നതെന്നാണ് പൊലീസിന്റെ നിഗമനങ്ങളിൽ പ്രധാനം. സ്വർണാഭരണങ്ങളെക്കുറിച്ചും നിർമ്മാണത്തെ സംബന്ധിച്ചും വ്യക്തമായ വിവരമുള്ളവരാണ് കവർച്ചാസംഘങ്ങൾ. ഇവർ കൊണ്ടുവരുന്ന വ്യാജ സ്വർണാഭരണങ്ങൾ ജുവലറികളിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് പോലും കണ്ടെത്താൻ പോലും കഴിയാറില്ല.

ആയിരങ്ങളുടെ ജീവിതോപാധി

തൃശൂരിൽ മാത്രമായി കാൽ ലക്ഷത്തിലേറെ പേർ സ്വർണാഭരണ രംഗത്ത് നേരിട്ടും അനുബന്ധ ജോലികളിലും വിപണനരംഗത്തുമായി തൊഴിലെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗികവിവരം. സ്വർണവിലയുടെ അടിസ്ഥാനത്തിലാണ് കൂലി നിരക്ക്. സ്വർണ ഉപഭോക്താക്കളും തൃശൂരിൽ ഏറെയുണ്ട്. പലപ്പോഴും നഷ്ടപ്പെട്ട സ്വർണത്തിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതു പോലും അത്ര എളുപ്പമല്ല. പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ച ശേഷം വേണം ഇൻഷ്വറൻസ് കമ്പനിയുമായി നിയമപരമായ നീക്കങ്ങൾ നടത്താൻ. പണമിടപാടുകളുടെ കാര്യത്തിൽ സുതാര്യമായിരുന്നു തൃശൂരിലെ സ്ഥാപനങ്ങൾ. എന്നാൽ അടുത്തിടെ കോടികളുടെ സഹകരണ തട്ടിപ്പുമുതൽ കോടാനുകോടികളുടെ നിക്ഷേപത്തട്ടിപ്പുവരെ തൃശൂരിനെ നാണം കെടുത്തി. വിദേശജോലി വാഗ്ദാനത്തട്ടിപ്പിലും ഒടുവിൽ കേസുകളുണ്ടായി. പണമിടപാട് സ്ഥാപനങ്ങളിൽ നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഇടപാടുകാരും കൂടിവരികയാണ്. പക്ഷേ, തൊഴിലാളികളുടെയും ഇടപാടുകാരുടെയും സുരക്ഷയും സുതാര്യതയും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

തൊണ്ടിമുതൽ കിട്ടാതെ

കവർന്നെടുക്കുന്ന ആഭരണങ്ങൾ കൈമറിഞ്ഞ് കടത്തുന്നതാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. അതിനാൽ തൊണ്ടിമുതൽ കണ്ടെടുക്കുന്നത് ക്ലേശകരമാകും. കഴിഞ്ഞ സെപ്തംബറിൽ തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ 19 പേർ അറസ്റ്റിലായെങ്കിലും കണ്ടെടുത്തത് മുക്കാൽ കിലോഗ്രാം സ്വർണം മാത്രമായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും അരിച്ചുപെറുക്കിയാണ് സ്വർണം കണ്ടെടുക്കാനായത്. ഭൂരിഭാഗം സ്വർണക്കവർച്ചാകേസുകളിലും സ്ഥിതി വ്യത്യസ്തമല്ല. കവർച്ചക്കാർ അയൽ സംസ്ഥാനങ്ങളിലേക്ക് നിരവധി ഇടനിലക്കാരിലൂടെ സ്വർണം കെെമാറും. ആഭരണങ്ങൾ ഉടനെ ഉരുക്കി രൂപം മാറ്റുകയും ചെയ്യും.

തട്ടിപ്പു സംഘങ്ങൾക്ക് വലിയ സാമ്പത്തിക പശ്ചാത്തലവുമുണ്ടാകാറുണ്ട്. ആധുനിക കവർച്ചാരീതികളുമറിയാം. കേരളത്തിൽ ലഭ്യമല്ലാത്ത തരത്തിലുള്ള ഉപകരണങ്ങളും മറ്റും കവർച്ചയ്ക്ക് ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

പൊലീസ് പലതവണ തൊഴിലാളികൾക്കും സ്വർണ്ണാഭരണസ്ഥാപനങ്ങളുടെ ഉടമകൾക്കും നിർദ്ദേശങ്ങൾ നൽകാറുണ്ട്. പണമിടപാട് സ്ഥാപനങ്ങളെ കൃത്യമായി നിരീക്ഷിച്ച് ഇടപാട് നടത്തണമെന്നും

സ്വർണം സൂക്ഷിക്കുമ്പോഴും സ്വർണവായ്പകളിലും ജാഗ്രത പുലർത്തണമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ജോലിക്കും പഠനത്തിനുമായി സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴും ശ്രദ്ധിക്കണം. സ്ഥാപനങ്ങൾ അംഗീകൃതമാണോയെന്ന് വിശദമായി പരിശോധിക്കണമെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. പ്രതികൾ പിടിയിലായിട്ടും സ്വർണം കണ്ടെത്താനാവാത്തത് പൊലീസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.

കണ്ണുവെച്ച് ക്വട്ടേഷൻ സംഘങ്ങൾ
സ്വർണക്കവർച്ചയ്ക്ക് വ്യാപകമായി ക്വട്ടേഷൻ സംഘങ്ങളും കണ്ണുവെയ്ക്കുന്നുണ്ട്. ഇത്തരത്തിൽ ജില്ലകൾ കേന്ദ്രീകരിച്ചും ക്വട്ടേഷൻ സംഘങ്ങളുണ്ട്. ഇവർക്കെല്ലാം തന്നെ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ കേസുകളും നിലവിലുണ്ട്. സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ കൊല്ലം പാരിപ്പള്ളിയിലെ രണ്ടു നില വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീടിന് നിറുത്തിയിരുന്നത് അപകടകാരികളായ അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായകളെയാണ്. ഒളിവുസങ്കേതത്തിൽ നിന്നും വളരെ സാഹസികമായിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, കവർച്ച, തട്ടിപ്പ് കേസുകളിൽപ്പെട്ട പ്രതികളിലേറെയും കാവലിന് അപകടകാരികളായ നായ്ക്കളെ വളർത്തുന്നത് പൊലീസിനും എക്സെെസിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.

സ്വർണം കൊണ്ടുവന്ന വികസനം

തൃശൂർ ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക-വ്യാപാരകേന്ദ്രം കൂടിയായി മാറിയതോടെ വലിയ സാമ്പത്തികമുന്നേറ്റം ഇവിടെയുണ്ടായി. വൈരക്കൽവ്യവസായം, തുണിവ്യവസായം, ചിട്ടി, ബാങ്കിംഗ്, നോൺ-ബാങ്കിംഗ് ബിസിനസുകൾക്കെല്ലാം പ്രശസ്തമാണ് തൃശൂർ. ഇന്ത്യയിലെ സുവർണനഗരം കൂടിയായ ഇവിടെയാണ്, കേരളത്തിൽ പ്രതിദിനം നിർമ്മിക്കുന്ന സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും ഉളളതെന്നാണ് വിലയിരുത്തൽ. മികച്ച സംരംഭകത്വവും സാമ്പത്തികശേഷിയുമാണ് തൃശൂരിനെ ഉന്നതിയിലെത്തിച്ചത്. വ്യവസായങ്ങൾ, വ്യാപാരം, ഫിനാൻസിംഗ് എന്നിവയാണ് സമ്പദ്‍വ്യവസ്ഥയുടെ അടിസ്ഥാനം. തുണിവ്യവസായം, തടി-ഫ‍ർണിച്ചർ, കയർ, മത്സ്യബന്ധനവ്യവസായങ്ങൾ, കൃഷി അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ, ഓട്ടുകമ്പനി തു‌ടങ്ങി തൃശൂരിൽ ഇല്ലാത്ത ബിസിനസുകളില്ല. അതിനെല്ലാം ഒരു കാരണമായി മാറിയത് സ്വർണവ്യാപാരമാണ്.

ചില്ലറവ്യാപാരം വലിയ ബിസിനസും നഗരത്തിലെ പ്രധാന വരുമാനസ്രോതസുമായി മാറി. ടെക്സ്റ്റൈൽ ചില്ലറ വ്യാപാരം, ഗൃഹോപകരണങ്ങളുടെ വിൽപ്പന എന്നിവയെല്ലാം ഇവിടെ സജീവമാണ്. കേരളത്തിന്റെ, പ്രത്യേകിച്ച് തൃശൂരിന്റെ സാമ്പത്തികഭദ്രതയ്ക്ക് സ്വർണവ്യാപാരം നൽകുന്ന പങ്ക് വളരെ വലുതാണെങ്കിലും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ തൃശൂരിലെ ജനതയെ ആശങ്കപ്പെടുത്തിക്കഴിഞ്ഞു.