അപകടങ്ങളിൽ കാലിനോ കൈയ്‌ക്കോ പരിക്കേറ്റാൽ അത് ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത സാഹചര്യമായാൽ ഡോക്ടർമാർ അവയവം ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റാറുണ്ട് (amputations). പല്ലി വാൽ സ്വയം മുറിച്ച് അപകടങ്ങളിൽ അല്ലെങ്കിൽ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാറുണ്ട്. അങ്ങനെയല്ലാതെ സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ഇത്തരത്തിലുള്ള 'ഓപ്പറേഷനുകൾ' നടത്തുന്നത് മനുഷ്യൻ മാത്രമാണോ? അതേയെന്ന് പറയാൻ വരട്ടെ, ഉറുമ്പുകൾക്കും ഈ കഴിവ് ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഫ്‌ളോറിഡയിലെ ഒരു വിഭാഗം ഉറുമ്പുകളിലാണ് പഠനം നടത്തിയത്. പരിക്കേറ്റ സഹജീവികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കൈകാലുകൾ കടിച്ച്, മുറിച്ചുകളയുന്നു. അംഗഭംഗം സംഭവിച്ച ഉറുമ്പിന്റെ കാൽ കളഞ്ഞ്, അവയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഒരു കാല് നഷ്ടപ്പെട്ടാലും അവ കൂടിനുള്ളിൽ തങ്ങളുടെ ചുമതലകൾ തുടരുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
കറന്റ് ബയോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏത് രീതിയിലുള്ള പരിചരണമാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് പരിക്ക് പറ്റിയ സ്ഥാനത്തേയും മുറിവിന്റെ ആഴത്തേയും ആശ്രയിച്ചാണ്. കാലിലാണ് പരിക്ക് പറ്റിയതെങ്കിൽ മറ്റ് ഉറുമ്പുകൾ ഇവയെ എടുത്തുകൊണ്ടുപോയി ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഉമിനീര് ഉപയോഗിച്ച് മുറിവ് വൃത്തിയാക്കും. പരിക്ക് പറ്റിയ കാലോ കൈയോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ 'ഉറുമ്പ് ഡോക്ടർമാർ' ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ച് അവ കടിച്ച് മുറിച്ചുകളയും.
പഠനത്തിലെ കണ്ടെത്തലുകൾ
'മനുഷ്യനല്ലാത്ത ഒരു ജീവി തങ്ങളുടെ സഹജീവിയുടെ ജീവൻ രക്ഷിക്കാൻ 'ഓപ്പറേഷൻ' ചെയ്യുന്നത് എങ്ങനെയെന്ന് ഈ പഠനത്തിൽ ഞങ്ങൾ വിവരിക്കുന്നു,'- ജർമ്മനിയിലെ വുർസ്ബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ എറിക് ഫ്രാങ്ക് പറഞ്ഞു.
'പരിക്കേറ്റവരെ പരിചരിക്കുന്നതിനുള്ള ഉറുമ്പുകളുടെ 'മെഡിക്കൽ സിസ്റ്റം' മൃഗരാജ്യത്തിലെ ഏറ്റവും നൂതനമായ കാര്യമാണ്. ഈ ഉറുമ്പുകൾ കേടുപാടുകൾ സംഭവിച്ച മരത്തിൽ കൂടുണ്ടാക്കുകയും എതിരാളികളായ ഉറുമ്പുകളിൽ നിന്ന് തങ്ങളുടെ വീടിനെ ശക്തമായി സംരക്ഷിക്കുകയും ചെയ്യുന്നു. മറ്റ് സംഘത്തിലുള്ള ഉറുമ്പുകളായി വഴക്കും, കൈയാങ്കളിയുമൊക്കെ ഉണ്ടാകും. ഇതിൽ പരിക്കേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലിന്റെ മുകൾഭാഗം, തുടയെല്ല്, കീഴ്ഭാഗം എന്നിവയ്ക്കുണ്ടായ പരിക്കുകളാണ് ഗവേഷകർ പഠിച്ചത്. വിവിധ ഇനം കാട്ടു ഉറുമ്പുകളിൽ ഈ ഭാഗങ്ങളിൽ മുറുവുകൾ ഉണ്ടാകുന്നതായി കാണാറുണ്ട്. ലബോറട്ടറി സാഹചര്യങ്ങളിൽ ഇവയെ നിരീക്ഷിച്ചു.
'കാല് മുറിച്ചുമാറ്റുകയോ മുറിവ് പരിക്കേറ്റ ഉറുമ്പിനെ പരിചരിക്കുന്നതിന് കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്യണമെന്ന് അവർ തീരുമാനിക്കുന്നു'-അദ്ദേഹം പറഞ്ഞു.
ചികിത്സ
ഉറുമ്പുകൾ ആദ്യം വായിലെ ഗന്ഥികളിൽ നിന്നുള്ള സ്രവങ്ങൾ മുറിവിൽ പുരട്ടി, അത് വൃത്തിയാക്കുന്നു. ഇനി കാലുകൾക്കോ കൈകൾക്കോ ഗുരുതര പരിക്കാണെങ്കിൽ അവ മുറിച്ചുകളയാൻ തീരുമാനിക്കു. മുറിവിന്റെ തൊട്ടുമുകളിൽ നിരന്തരം കടിക്കും. 'ഛേദിക്കൽ' പ്രക്രിയ 40 മിനിട്ട് മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ടുനിൽക്കും.
കാൽ ഛേദിക്കുന്നതിന്റെ അതിജീവന നിരക്ക് ഏകദേശം 90 - 95 ശതമാനമാണ്. വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണത്തിന് 75 ശതമാനമാണ് അതിജീവന നിരക്കെന്ന് പഠനത്തിൽ പറയുന്നു ആറ് കാലുകളാണ് ഉറുമ്പിനുള്ളത്. ഇതിൽ ഒരെണ്ണം നഷ്ടപ്പെട്ടാലും ചലന ശേഷിക്ക് കുഴപ്പമൊന്നും സംഭവിക്കില്ല. പെൺ ഉറുമ്പുകളാണ് പരിചരിക്കുന്നത്. അതായത് 'ഡോക്ടർമാർ' വനിതകളാണെന്ന് സാരം.
അതേസമയം ഉറുമ്പുകൾ ഇത്തരത്തിലുള്ള ശസ്ത്രക്രിയ ചെയ്യുന്നത് കരുണ കൊണ്ടാണെന്ന് താൻ കരുതുന്നില്ലെന്ന് ഫ്രാങ്ക് പറയുന്നു. ഒരു ഉറുമ്പിന് ഗുരുതരമായി പരിക്കേറ്റാൽ, മറ്റ് ഉറുമ്പുകൾ അതിനെ ശ്രദ്ധിക്കില്ല, മറിച്ച് മരിക്കാൻ വിടും. "കോളനിയിൽ" ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ തിരികെ എത്തിക്കുകയാണ് ഇവരുടെ ചികിത്സയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.