kashmir

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിൽ ട്രക്കിൽ നിന്ന് ആക്രിസാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. രണ്ടുപേർ സംഭവസ്ഥലത്തു വച്ചും മറ്റു രണ്ടുപേർ പിന്നീടും മരിക്കുകയായിരുന്നു. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ കോളനി നിവാസികളാണ്.

സ്ഫോടന കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ദ്ധർ, പൊലീസ്, ആർമി എന്നിവരുടെ സംയുക്ത സംഘം അന്വേഷണം തുടങ്ങി.

ലഡാക്കിൽ നിന്ന് ആക്രികൊണ്ടു വന്ന ട്രക്കിലാണ് സ്ഫോടനമുണ്ടായതെന്ന് സോപോർ എസ്.എസ്.പി ദിവ്യ പറഞ്ഞു. ലഡാക്കിൽ നിന്ന് സേനയുടെ പടക്കോപ്പ് അവശിഷ്ടങ്ങൾ വാങ്ങിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

വിഘടനവാദികളുടെ അക്രമത്തിന്റെ കേന്ദ്രമായിരുന്നു സോപോർ പട്ടണം. നാലു വർഷമായി സമാധാന അന്തരീക്ഷമാണ്. അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ ശക്തികേന്ദ്രം കൂടിയായിരുന്നു ഇവിടം.