കൊച്ചി: ആലുവയിൽ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ടയിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. ആലുവ അത്താണിയിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിലാണ് ന്യൂജനറേഷൻ മയക്കുമരുന്നുകളായ എംഡിഎംഎ ടാബ്‌ലെറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി നാലുപേർ പിടിയിലായത്.
കലൂർ സ്വദേശി ജീൻ ദേവ്, പള്ളുരുത്തി സ്വദേശി അരുൺ സി കിഷോർ, കൊല്ലം സ്വദേശിനി സൂചിമോൾ, പള്ളുരുത്തി സ്വദേശി മുഹമ്മദ് ഹയാസ് എന്നിവരാണ് പിടിയിലായത്. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ മുഹമ്മദ് ഹയാസിന്റെ മാരുതി ഇഗ്നീസ് കാറിൽ നിന്ന് 2.1 ഗ്രാം എംഡിഎംഎ ടാബ്‌ലെറ്റുകൾ പിടികൂടിയിരുന്നു. തുടർന്നാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിയുകയായിരുന്ന മറ്റ് നാലുപേരെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പ്രതികൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പിന്നാലെ നടന്ന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടിയതോടെ നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് ലഭിച്ചത് എവിടെനിന്നാണെന്ന് ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ പ്രമോദ്, പ്രവന്റീവ് ഓഫീസർ ജിനീഷ് കുമാർ, ബസന്തകുമാർ, മനോജ്, അഭിജിത് മോഹൻ, വനിതാ ഓഫീസർമാരായ സരിത റാണി, നിഷ എന്നിവരാണ് മയക്കുമരുന്നുവേട്ടയിൽ പങ്കെടുത്തത്.