d

ആലുവ: നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. 50 കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി.ഒമ്പതു പേരെ ജയിലിലടച്ചു. 30 പേരെ റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തി.

ഡിവൈ.എസ്.പി ഓഫീസുകളിൽ 11 പേർ ആഴ്ചയിൽ ഒപ്പിട്ടു കൊണ്ടിരിക്കുന്നു. ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ നിധിൻ (തിമ്മയ്യൻ), കുറുമശ്ശേരി മണ്ണന്തറ ദീപക്ക് എന്നിവർ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണ്. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിനു വിക്രമനെ കുറുമശേരിയിൽ ഏപ്രിൽ 10ന് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബറിൽ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിലും തൃശൂരിലെ ജുവലറിയിൽ നിന്ന് മൂന്ന് കിലോ സ്വർണം മോഷ്ടിച്ച കേസുകളിലും പ്രതിയായ ലിന്റോ (കുറുപ്പംപടി), 2019 ൽ അത്താണിയിൽ ഗില്ലാപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ലാൽ കിച്ചു (നെടുമ്പാശേരി), വധശ്രമം, പൊലീസുദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിലെ പ്രതി രതീഷ് (രാമമംഗലം), മയക്കുമരുന്ന്, മോഷണം,​ പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ജിതിൻ (ചാഡു - വടക്കേക്കര), നാല് വധശ്രമം, രണ്ട് കവർച്ച തുടങ്ങി പത്ത് കേസുകളിൽ പ്രതിയായ വിഷ്ണു (പുല്ലാനി വിഷ്ണു - അങ്കമാലി) തുടങ്ങിയവരെ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ കരുതൽ തടങ്കലിലടച്ചു. കാലടി തൃക്കണിക്കാവ് സ്വദേശി പുഷ്പരാജിനെയാണ് ഒടുവിലായി നാടുകടത്തിയത്.

റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. കരുതൽ തടങ്കലിന്റെ ഉത്തരവ് കളക്ടറും നാട് കടത്താനുള്ള ഉത്തരവ് റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുമാണ് പുറപ്പെടുവിക്കുന്നത്. കാപ്പ ഉത്തരവ് ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലടയ്ക്കും. കഴിഞ്ഞയാഴ്ച കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയതിന് സൗത്ത് മാലിപ്പുറം സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികളുണ്ടാകുമെന്നും എസ്.പി വൈഭവ് സക്സേന പറഞ്ഞു.