pic

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് (61) മൂന്നാം ഊഴം. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ 80 ശതമാനം ഫലം ഇന്നലെ പുറത്തുവന്നപ്പോൾ മഡുറോയ്ക്ക് 51 ശതമാനം വോട്ട് ലഭിച്ചെന്ന് നാഷണൽ ഇലക്ടറൽ കൗൺസിൽ അറിയിച്ചു. മഡുറോയെ കൗൺസിൽ വിജയായി പ്രഖ്യാപിച്ചു.

പ്രധാന എതിരാളിയും പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ സ്ഥാനാർത്ഥിയുമായ എഡ്മണ്ടോ ഗോൺസാലസിന് 44 ശതമാനം ലഭിച്ചു. അതേസമയം,ഫലം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഇലക്ടറൽ കൗൺസിലിന്റെ തലവൻ എൽവിസ് അമോറോസോ മഡുറോയുടെ അടുത്ത അനുയായിയാണ്. ഫലത്തിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. ഗോൺസാലസിന് 70 ശതമാനം ലഭിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. അനൗദ്യോഗിക എക്സിറ്റ് പോളുകളിൽ ഗോൺസാലസായിരുന്നു മുന്നിൽ.

2013ൽ ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. മഡുറോയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഡുറോ ജയിച്ച 2018ലെ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് ഉയർന്നിരുന്നു. യു.എസ് അടക്കമുള്ള രാജ്യങ്ങൾ അന്ന് ഫലം അംഗീകരിച്ചിരുന്നില്ല.

25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആഹ്വാനം. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ മൂലം പത്ത് വർഷത്തിനിടെ 78 ലക്ഷം പേർ വെനസ്വേല വിട്ടെന്നാണ് കണക്ക്.

അതേസമയം,യു.എസ്,യു.കെ,ചിലി,യുറുഗ്വായ്,കോസ്റ്റ റിക്ക തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും സുതാര്യത ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ,ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് - കാനൽ തുടങ്ങിയവർ മഡുറോയ്ക്ക് അഭിനന്ദനം അറിയിച്ചു. 2025 ജനുവരി 10ന് മഡുറോ അധികാരമേൽക്കും.