അങ്കാറ: ഗാസ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേലിനെതിരെ അധിനിവേശ ഭീഷണി മുഴക്കി തുർക്കി. പാലസ്തീനികളെ രക്ഷിക്കാൻ ഇസ്രയേലിനുള്ളിൽ പ്രവേശിക്കുമെന്ന് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ മുന്നറിയിപ്പ് നൽകി.
മുമ്പ് ലിബിയയിലും നഗോർനോ - കറാബാഖിലും പ്രവേശിച്ചതിന് സമാനമായി ഇസ്രയേലിനോടും നാം ചെയ്യണമെന്നും നമ്മൾ ശക്തരാണെങ്കിൽ പാലസ്തീനികളോട് ഇസ്രയേൽ ഇങ്ങനെ പെരുമാറില്ലെന്നും എർദോഗൻ പറഞ്ഞു. ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിലായിരുന്നു പ്രതികരണം. കൂടുതൽ വിശദീകരണത്തിന് എർദോഗൻ തയ്യാറായില്ല.
അതേ സമയം, എർദോഗന് സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രയേൽ തിരിച്ചടിച്ചു. ഹമാസിന് പണം നൽകി സഹായിക്കുന്നത് തുർക്കിയാണെന്ന് ഇസ്രയേൽ നേരത്തെ ആരോപിച്ചിരുന്നു. 2003ൽ ഇറാക്കിനെ ആക്രമിച്ച യു.എസിന്റെ നേതൃത്വത്തിലെ സഖ്യ സൈന്യം പ്രസിഡന്റായിരുന്ന സദ്ദാമിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും 2006ൽ തൂക്കിലേറ്റുകയുമായിരുന്നു.
ഇസ്രയേലിന്റെ കടുത്ത വിമർശകനായ എർദോഗൻ നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ 'ഗാസയിലെ കശാപ്പുകാരൻ" എന്ന് വിശേഷിപ്പിച്ചിരുന്നു. 2020ൽ യു.എൻ അംഗീകൃത സർക്കാരിനെ പിന്തുണയ്ക്കാൻ തുർക്കി ലിബിയയിലേക്ക് സൈന്യത്തെ അയച്ചിരുന്നു.
നഗോർനോ - കറാബാഖിൽ അസർബൈജാന്റെ സൈനിക നടപടിയിൽ നേരിട്ടുള്ള പങ്ക് തുർക്കി നിഷേധിച്ചിരുന്നെങ്കിലും സൈനിക പരിശീലനം അടക്കം പിന്തുണ നൽകിയതായി വ്യക്തമാക്കി. ആക്രമണങ്ങൾ ശക്തമായി തുടരുന്ന ഗാസയിൽ ഇതുവരെ 39,360ലേറെ പേർ കൊല്ലപ്പെട്ടു.
ആക്രമണം ഉടൻ
ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഏത് നിമിഷവും ഇസ്രയേൽ ആക്രമിക്കും. ശനിയാഴ്ച ഗോലാൻ ഹൈറ്റ്സിലുണ്ടായ ഹിസ്ബുള്ള ആക്രമണത്തിന് തിരിച്ചടിക്കാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ 12 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടി പദ്ധതിക്ക് ഇസ്രയേലിലെ യുദ്ധക്യാബിനറ്റ് ഇന്നലെ അംഗീകാരം നൽകി.
സംയമനം പാലിക്കണമെന്ന് യു.എസ് അടക്കം സഖ്യ കക്ഷികൾ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ, ആക്രമണ ഭീതി കണക്കിലെടുത്ത് ലെബനനിലെ ബെയ്‌റൂട്ട് വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി. ജർമ്മൻ എയർലൈനായ ലുഫ്താൻസ ആഗസ്റ്റ് 5 വരെ സർവീസ് നിറുത്തിവച്ചു. ഇസ്രയേലിനെ നേരിടാൻ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഹിസ്ബുള്ള മിസൈലുകൾ വിന്യസിച്ചു തുടങ്ങി.