പാരീസ് : ഒളിമ്പിക്സ് ഹോക്കിയിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് എതിരെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് 1-1ന് സമനില പിടിച്ച് ഇന്ത്യ. ഹർമൻ പ്രീത് സിംഗാണ് ഇന്ത്യയ്ക്ക് ജീവശ്വാസം പകർന്ന സമനില ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിന് ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിൽ ലൂക്കാസ് മാർട്ടിനസ് നേടിയ ഗോളിന് മുന്നിൽ നിന്നിരുന്ന അർജന്റീനയ്ക്കെതിരെ നിരവധി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ ക്വാർട്ടറിൽ ഇന്ത്യയും അർജന്റീനയും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല. 2016ലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയ്ക്ക് തന്നെയായിരുന്നു മത്സരത്തിൽ മുൻതൂക്കം. രണ്ടാം ക്വാർട്ടറിൽ അവർ ഇന്ത്യൻ വല കുലുക്കുകയും ചെയ്തു. പോസ്റ്റിന്റെ വലതുവശത്തുനിന്ന് ലൂക്കാസ് തൊടുത്ത ഷോട്ട് തടുക്കാൻ ഇന്ത്യൻ ഗോളി പി.ആർ ശ്രീജേഷ് പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലയിൽ കയറി.ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 1-0ത്തിന് ലീഡ് ചെയ്യുകയായിരുന്നു.
മൂന്നാം ക്വാർട്ടറിൽ തങ്ങൾക്ക് ലഭിച്ച പെനാൽറ്റി സ്ട്രോക്ക് അർജന്റീന പാഴാക്കിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. മരിയ കാസെല്ല ഷൂത്താണ് പെനാൽറ്റി സ്ട്രോക്ക് പുറത്തേക്കടിച്ചു കളഞ്ഞത്. കളി തീരാറായതോടെ ഇന്ത്യ രണ്ടും കൽപ്പിച്ച് ആക്രമണം തുടങ്ങി. ഗോളി ശ്രീജേഷിനെ പിൻവലിച്ച് ആ സ്ഥാനത്ത് അറ്റാക്കറെ ഇറക്കി നേടിയെടുത്ത പെനാൽറ്റി കോർണറാണ് ഹർമൻപ്രീത് ഗോളാക്കി മാറ്റിയത്.
പൂൾ ബിയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് അയർലാൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 4.45നാണ് കളി തുടങ്ങുന്നത്.