ടോക്കിയോ : ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി തർക്കത്തിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ട ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്റി എസ്. ജയശങ്കർ. 'അയൽ രാജ്യമായ ചൈനയുമായി പ്രശ്‌നങ്ങളുണ്ട്. അതിന് ചർച്ച ചെയ്ത് പരിഹാരം കാണേണ്ടത് തങ്ങൾ ഇരുവരുമാണ്." ടോക്കിയോയിൽ വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ഈ മാസം രണ്ട് തവണ അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്റി വാംഗ് യീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം, ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയശങ്കർ ഇന്നലെ പങ്കെടുത്തു. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.
ഇന്ത്യൻ മഹാസമുദ്റത്തിലെ സുരക്ഷ ശക്തമാക്കാനും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനുമുള്ള മാരിടൈം ഡൊമെയ്‌ൻ അവയർനസ് സംരംഭം വിപുലീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. യുക്രെയിൻ, ഗാസ, മ്യാൻമർ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, ദക്ഷിണ ചൈനാ കടലിൽ ചൈന നടത്തുന്ന അപകടകരവും പ്രകോപനപരവും ഏകപക്ഷീയവുമായ നടപടികളെ യോഗം വിമർശിച്ചു. ചൈനയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.