mohanlal

മലയാള സിനിമയില്‍ നിരവധി നടിമാരാണ് മോഹന്‍ലാലിന്റെ നായികമാരായി അഭിനയിച്ചിട്ടുള്ളത്. ഇതില്‍ ലാലേട്ടന്റെ നായിക വേഷത്തില്‍ എത്തിയവരില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. 2007ല്‍ പുറത്തിറങ്ങിയ പി.ടി കുഞ്ഞു മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച പരദേശി എന്ന സിനിമയില്‍ വലിയകത്ത് മൂസ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മോഹന്‍ ലാലിന് പുറമേ പത്മപ്രിയ, ശ്വേത മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി, ജഗതി ശ്രീകുമാര്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പരദേശി സിനിമയില്‍ ഖദീജ എന്ന കഥാപാത്രത്തേയാണ് ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ചത്. മോഹന്‍ലാല്‍ ആണ് ഈ ചിത്രത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്തതെന്നും നടി വ്യക്തമാക്കി. മോഹന്‍ ലാലിനൊപ്പം വാമനപുരം ബസ് റൂട്ട്, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലും നായികയായി താരം അഭിനയിച്ചിരുന്നു. മറ്റ് ചില സിനിമകളിലും ഒരുമിച്ച് അഭിനയിച്ചുവെങ്കിലും നായികയായിരുന്നില്ല.

മോഹന്‍ലാല്‍ സംവിധായകനോട് നിര്‍ദേശിച്ച പരദേശി തന്നെയാണ് ഒപ്പം അഭിനയിച്ചതില്‍ നടിയുടെ ഇഷ്ടപ്പെട്ട ചിത്രവും. ഒരു കഥാപാത്രത്തിലേക്ക് ആരെയും എടുക്കണം എന്ന് ലാലേട്ടന്‍ നേരിട്ട് പറയില്ല. പകരം ഈ വേഷത്തില്‍ ഇന്നയാള്‍ വന്നാല്‍ നല്ലതായിരിക്കും എന്ന് നിര്‍ദേശം മുന്നോട്ട് വയ്ക്കും. ഖദീജയായി ലക്ഷ്മി വന്നാല്‍ നന്നായിരിക്കും എന്ന് സംവിധായകനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു- നടി കൂട്ടിച്ചേര്‍ത്തു.