arrested

കൊല്ലം: ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗർഭമുള്ള കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ് അൽഅമീൻ. സംഭവത്തിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

അന്വേഷണം ശക്തമാക്കിയതായി ഇരവിപുരം പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളിൽ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും ഉടൻ മറ്റ് പ്രതികളെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്. അവശനിലയിൽ വൈകിട്ട് കണ്ടെത്തിയ കുതിരയ്ക്ക് മർദ്ദനമേറ്റ വിവരം സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ബോദ്ധ്യമായത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകൽ കുതിരയെ കെട്ടിയിരുന്നത്. കുതിരയെ പരിപാലിക്കുന്നവർ സന്ധ്യയോടെ അഴിക്കാനെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിയേറ്റ പാടുകൾ കണ്ടത്. ഷാനവാസെത്തി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. നിറയെ പുല്ല് ഉള്ളതിനാലാണ് ക്ഷേത്രഭാരവാഹികളുടെ അനുമതിയോടെ കുതിരയെ ക്ഷേത്രപരിസരത്ത് കെട്ടിയിരുന്നത്.

നേരത്തെ, കുതിരയെ അഴിച്ചുകൊണ്ടു പോകാൻ ശ്രമിച്ചയാൾ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലുള്ളത്. ഒരാൾ കുതിരയെ കയറിൽ പിടിച്ച്, കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിറുത്തുകയും മറ്റുള്ളവർ വടികൊണ്ടും കൈകാലുകൾ കൊണ്ടും മർദ്ദിക്കുകയുമായിരുന്നു. അഴിച്ചുമാറ്റി നിറുത്തിയും ഏറെനേരം മർദ്ദിച്ചു. സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ ഇടിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിൽ കാണാം. സംഭവം നാട്ടുകാരിൽ ചിലർ കണ്ടെങ്കിലും അക്രമിസംഘത്തെ ഭയന്ന് അടുത്തേക്ക് എത്തിയില്ല.

തേവള്ളിയിലെ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ടുള്ളതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ഗർഭത്തിലുള്ള കുട്ടിക്ക് കുഴപ്പമില്ലെന്നും മുറിവുകൾ ഉണങ്ങുന്നുണ്ടെന്നും ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ പറഞ്ഞു. ഗുജറാത്തിൽ നിന്നാണ് ആറുമാസം മുൻപ് കുതിരയെ കൊണ്ടുവന്നത്.

സി.സി.ടി.വി ദൃശ്യത്തിലെ ഒരാൾ മുൻപ് ഈ കുതിരയെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായി ഷാനവാസ് പറഞ്ഞു. സംഭവം സംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുതിരയ്ക്ക് വേണ്ട ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു.