ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരായ പൊതുജനത്തെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം ടെലികോം കമ്പനികളും തങ്ങളുടെ പ്രതിമാസ പ്ലാനുകള്‍ കോംബോ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഫോണ്‍ കോള്‍, മൊബൈല്‍ ഡാറ്റ, എസ്എംഎസ്, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയ്ക്കായി ചേര്‍ത്താണ് വിവിധ കമ്പനികളുടെ പ്ലാനുകള്‍. എന്നാല്‍ ഇതില്‍ എല്ലാ സേവനങ്ങളും എല്ലാവരും ഉപയോഗിക്കുന്നില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ (ട്രായ്). അതിനാല്‍ തന്നെ വിവിധ പ്ലാനുകളിലെ ഫോണ്‍ കോള്‍, എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് ഒരുമിച്ച് ഒരു കോംബോ ആയി പണം ഈടാക്കുന്നതിന് പകരം ആളുകള്‍ക്ക് ഇഷ്ടത്തിന് തിരഞ്ഞെടുക്കാന്‍ വെവ്വേറെ പ്ലാനുകള്‍ എന്നതിന്റെ സാദ്ധ്യതയാണ് ട്രായ് ആരായുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് മൊബൈല്‍ ഡാറ്റയും ഫോണ്‍കോളും മാത്രം മതിയെങ്കിലും അയാള്‍ക്ക് എസ്എംഎസ് സേവനത്തിനും ചേര്‍ത്താണ് പ്ലാനിന് പണം നല്‍കേണ്ടി വരിക.
ഇതിന് പകരം ഫോണ്‍ കോള്‍, ഡാറ്റ, എസ്എംഎസ്, ഒടിടി എന്നിവയ്ക്ക് പ്രത്യേകം റീചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ ആളുകള്‍ക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാം. ഇതിലൂടെ മൊബൈല്‍ റീചാര്‍ജിംഗ് നിരക്ക് കുറയുമെന്നതാണ് നേട്ടം. നിലവില്‍ 300 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ (സാധാരണ ഫോണ്‍) ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. ഇവര്‍ ഫോണ്‍ കോള്‍ ചെയ്യാനും മെസേജ് അയക്കാനും ഡാറ്റ ഉപയോഗിക്കുന്നില്ല. ഇതാണ് ട്രായ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. ഓഗസ്റ്റ് 16 വരെ നിര്‍ദ്ദേശം നല്‍കാം. എതിരഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഓഗസ്റ്റ് 23 വരെ അവസരം നല്‍കും.
എല്ലാ സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമില്ലാത്തതിനാല്‍ ഉപയോഗിക്കാത്ത സേവനത്തിനാണ് പലരും പണം ചെലവാക്കുന്നത്. ബണ്ടില്‍ഡ് ഓഫറുകള്‍ വരിക്കാര്‍ക്ക് പ്ലാന്‍ തിരഞ്ഞെടുക്കുന്നതിന് ഒരു പരിമിതിയാണെന്നും ട്രായ് വ്യക്തമാക്കി. 2012 ലെ ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്യുകയും നിലവിലുള്ളതിനൊപ്പം പ്രൊഡക്ട് സ്‌പെസിഫിക് താരിഫ് പ്ലാനുകള്‍ കൊണ്ടുവരണമോ എന്നുമാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ തേടുന്നത്.