ന്യൂഡല്‍ഹി: ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മെസെഞ്ചര്‍ ആപ്പ് ആണ് വാട്‌സാപ്പ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ജനകീയമാണ് ഈ ആപ്പ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനി ഇന്ത്യയിലെ സേവനങ്ങള്‍ മതിയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ഇതേക്കുറിച്ച് വാട്‌സാപ്പോ മാതൃകമ്പനിയായ മെറ്റയോ സര്‍ക്കാരിനെ ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2021ലെ ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കമ്പനിയെ സംബന്ധിച്ച് ഉപയോക്താക്കളഉടെ വിവരം വളരെ പ്രധാനമാണെന്നും സ്വകാര്യതയെ ബാധിക്കുന്നതരത്തില്‍ ഒന്നും ചെയ്യില്ലെന്നുമാണ് വാട്‌സാപ്പ് നിലപാട്.
തുടര്‍ന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സന്ദേശമയയ്ക്കല്‍ സേവനത്തിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇത് സ്വകാര്യതയ്ക്കും സംസാര സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയില്‍ വാട്‌സാപ് പറഞ്ഞത്. ഒരു കോടതിയോ മറ്റ് യോഗ്യതയുള്ള അതോറിറ്റിയോ ഉത്തരവിടുമ്പോള്‍ അതിന്റെ പ്ലാറ്റ്ഫോമിലെ ഏത് വിവരത്തിന്റെയും (ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ) ആദ്യ ഉറവിടത്തെ തിരിച്ചറിയാന്‍ കഴിയണമെന്നുള്‍പ്പടെയുള്ളവയായിരുന്നു നിയമം.
വാട്‌സാപ്പിലെ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ് അതിനാല്‍ തന്നെ അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കുമല്ലാതെ മൂന്നാമതൊരാള്‍ക്ക് ഈ സന്ദേശങ്ങള്‍ കാണുവാനോ വായിക്കാനോ കഴിയില്ല. വാട്‌സാപ്പിന് പോലും അതിന് കഴിയില്ലെന്നതാണ് സവിശേഷത. എന്നാല്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ദശലക്ഷക്കണക്കിന് സന്ദേശങ്ങളും അതിന്റെ വിശദ വിവരങ്ങളും ശേഖരിക്കേണ്ടതായി വരുമെന്നും കമ്പനി കോടതിയെ അറിയിച്ചിരുന്നു. വിവിധ ഹൈക്കോടതികളില്‍ ഇത് സംബന്ധിച്ച കേസുകള്‍ നടക്കുന്നുണ്ട്.