ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ അതിന്റെ വില നോക്കാറില്ല ഭക്ഷണപ്രേമികള്‍. എന്നാല്‍ അതിന് വേണ്ടി വിമാനയാത്ര വരെ നടത്തുകയും രാജ്യംവിടുകയും ചെയ്ത രണ്ട്‌പേരുടെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സംഭവം നടന്നത് ഇംഗ്ലണ്ടിലും ഇറ്റലിയിലുമായിട്ടാണ്. ഡെയ്‌ലി സ്റ്റാര്‍ ആണ് ദമ്പതികളുടെ സാന്‍ഡ്‌വിച്ച് കഴിക്കാന്‍ പോയ കഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്വന്തം നാട്ടിലേതിനേക്കാള്‍ വിലക്കുറവില്‍ ഇറ്റലിയിലെ മിലാനില്‍ പോയാല്‍ സാന്‍ഡ്‌വിച്ച് ലഭിക്കും എന്നത് പരിഗണിച്ചാണ് 49കാരിയായ ഷാരോണ്‍ സമ്മറും പങ്കാളി ഡാന്‍ പുഡിഫുട്ടും അവിടേക്ക് പറന്നത്. ഇരുവര്‍ക്കും പലഹാരം കഴിക്കാന്‍ വലിയ മോഹം തോന്നി. യുകെയിലെ തങ്ങളുടെ താമസസ്ഥലത്ത് നിന്ന് ലണ്ടനിലേക്ക് പോകൊമെന്നാണ് ഇരുവരും ആദ്യം കരുതിയത്. ഇവിടേക്കുള്ള വിമാനനിരക്ക് 4800 രൂപ വരെയായിരുന്നു. അതുകൊണ്ട് തന്നെ അതിലും എളുപ്പത്തില്‍ എത്താന്‍ പറ്റുന്ന നഗരം എന്നനിലയിലാണ് മിലാന്‍ തിരഞ്ഞെടുത്തത്.
അതോടൊപ്പം തന്നെ ലണ്ടനിലേതിനേക്കാള്‍ വിലക്കുറവില്‍ ഇറ്റാലിയന്‍ നഗരത്തില്‍ സാന്‍ഡ്‌വിച്ച് ലഭിക്കുമെന്നതും മറ്റൊരു കാരണമായി. 1500 രൂപ മുടക്കിയപ്പോള്‍ വിമാനടിക്കറ്റും കിട്ടി. പിന്നൊന്നും ആലോചിക്കാതെ ഇരുവരും ഫ്‌ളൈറ്റ് പിടിച്ച് നേരെ ഇറ്റലിക്ക് പറന്നു. നഗരത്തിലെത്തി പകല്‍ മുഴുവന്‍ അവിടെ കറങ്ങി നടന്നതിന് ശേഷം പലഹാരവും കഴിച്ച് വൈകുന്നേരത്തോടെ മടക്കയാത്രയും നടത്തി. ആകെ പതിനായിരം രൂപ മാത്രമാണ് മൊത്തം യാത്രയ്ക്കും ഭക്ഷണത്തിനും വേണ്ടി തങ്ങള്‍ക്ക് ചെലവായതെന്ന് ദമ്പതിമാര്‍ പറയുന്നു.
വളരെ നല്ല രീതിയില്‍ ഒരുമിച്ച് ഒരു ദിവസം ആഘോഷിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും കഴിഞ്ഞുവെന്നും സാന്‍ഡ്‌വിച്ച് കഴിക്കാനുള്ള മോഹമാണ് സന്തോഷകരമായ ഈ നിമിഷങ്ങള്‍ക്ക് കാരണമെന്നും ഇരുവരും പറയുന്നു. മാത്രവുമല്ല രാവിലെ പുറപ്പെട്ട തങ്ങള്‍ക്ക് അന്നേദിവസം രാത്രിയോടെ അയല്‍രാജ്യത്ത് പോയി സ്വന്തം വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞുവെന്നും ഇരുവരും പറയുന്നു.