money

ലാഭത്തിലെ ഇടിവും കിട്ടാക്കടങ്ങളുടെ വര്‍ദ്ധനയും ബാങ്കുകള്‍ക്ക് തിരിച്ചടി

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ ലാഭത്തില്‍ വന്‍ സമ്മര്‍ദ്ദം നേരിടുന്നു. നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കേണ്ടി വന്നതും കിട്ടാക്കടങ്ങള്‍ കൂടിയതും വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം ഉയരുന്നതുമാണ് ബാങ്കുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. അവലോകന കാലയളവില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചതിന് ശേഷം ബാങ്ക് മേധാവികള്‍ വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളിലും വ്യക്തിഗത, കാര്‍ഷിക വായ്പകളിലും തിരിച്ചടവ് വ്യാപകമായി മുടങ്ങുന്നതിനാല്‍ നഷ്ടസാദ്ധ്യത മറികടക്കാനായി ബാങ്കുകള്‍ വലിയ തുക പ്രൊവിഷനിംഗിനായി മാറ്റിവെച്ചതും വിനയായി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 0.16 ശതമാനം ഉയര്‍ന്ന് 1.33 ശതമാനമായി. ആക്‌സിസ് ബാങ്കിന്റെ കിട്ടാക്കടം 0.11 ശതമാനം വര്‍ദ്ധനയോടെ 1.54 ശതമാനത്തിലെത്തി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കോട്ടക് ബാങ്ക് തുടങ്ങിയവയും വായ്പ തിരിച്ചടവ് കൂടുന്നതില്‍ ആശങ്കയിലാണ്.

മാര്‍ജിന്‍ കുറയുന്നു

വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതാണ് ബാങ്കുകളുടെ ലാഭത്തില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചത്. വിവിധ ബാങ്കുകളുടെ ലാഭം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയെങ്കിലും വിപണിയുടെ പ്രതീക്ഷ കാത്തില്ല. മുന്‍വര്‍ഷത്തെ കാലയളവുമായി താതതമ്യം ചെയ്യുമ്പോള്‍ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പലിശ മാര്‍ജിനില്‍ വലിയ ഇടിവുണ്ടായി. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെയും പലിശയില്‍ നിന്നുള്ള ലാഭം കുറഞ്ഞു.

ബാങ്കുകള്‍ അറ്റാദായം വര്‍ദ്ധന

എച്ച്.ഡി.എഫ്.സി ബാങ്ക് 16,175 കോടി രൂപ 35 ശതമാനം

കോട്ടക് മഹീന്ദ്ര 6,250 കോടി രൂപ 81.1 ശതമാനം

ഫെഡറല്‍ ബാങ്ക് 1,009 കോടി രൂപ 18 ശതമാനം

ബന്ധന്‍ ബാങ്ക് 1,063 കോടി രൂപ 46.8 ശതമാനം

ഐ.സി.ഐ.സി.ഐ ബാങ്ക് 11,053 കോടി രൂപ 14.6 ശതമാനം

പത്ത് മുന്‍നിര ബാങ്കുകളുടെ സംയുക്ത ലാഭം 50,000 കോടി രൂപ കവിഞ്ഞു