മോസ്കോ : തെക്കൻ റഷ്യയിൽ ട്രെയിൻ പാളംതെറ്റി 140 പേർക്ക് പരിക്ക്. ഇന്നലെ മോസ്കോയിൽ നിന്ന് 1,200 കിലോമീറ്റർ അകലെ തെക്കുള്ള വോൾഗൊറോഡ് മേഖലയിലായിരുന്നു അപകടം. കസാനിൽ നിന്ന് കരിങ്കടൽ തീരത്തെ അഡ്‌ലർ നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിൻ.
800ഓളം യാത്രക്കാരുണ്ടായിരുന്നു. വോൾഗൊറോഡ് കോട്ടൽനിക്കോവോ സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ലെവൽ ക്രോസിലേക്ക് ഒരു ട്രക്ക് കയറി. അപായ മുന്നറിയിപ്പ് ലംഘിച്ചാണ് ട്രക്ക് റെയിൽവേ ട്രാക്കിലേക്ക് കടന്നത്. തുടർന്ന് ട്രെയിൻ ഡ്രൈവർ ബ്രേക്കിടാൻ ശ്രമിച്ചു.
ട്രക്കിലേക്ക് ഇടിച്ചുകയറി നിന്ന ട്രെയിന്റെ എട്ട് ബോഗികൾ പാളം തെറ്റുകയായിരുന്നു എന്ന് റഷ്യൻ റെയിൽവേയ്സ് അറിയിച്ചു. അപകട സമയം, മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ. 50 അടി അകലേക്ക് തെറിച്ചുവീണ ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.