വയനാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വയനാട്ടിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ. മേപ്പാടി മുണ്ടക്കൈ ടൗണിലും ചുരൽമലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. മുണ്ടക്കൈ ടൗണിൽ പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാല് മണിയോടെ ചുരൽമല സ്‌കൂളിന് സമീപത്ത് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മൂന്ന് ഉരുൾപൊട്ടലുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് പേർ മരണപ്പെട്ടിട്ടുണ്ട്. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടാണ് വിവരം. ഒട്ടേറെ പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി.
പ്രദേശത്തെ പ്രധാനപ്പെട്ട റോഡാണ് ഉരുൾപ്പൊട്ടലിൽ ഒഴുകിപ്പോയത്. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കി. ചൂരൽമല ടൗണിലെ പാലവും തകർന്നു. മുണ്ടക്കൈ എട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രിയായതിനാലും പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആവശ്യം വന്നാൽ സൈന്യത്തിന്റെ സഹായവും തേടിയേക്കും.
ദുരന്തമുഖത്ത് കുടങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഹെലിക്കോപ്റ്റർ സഹായവും കേരളം തേടിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്റർ ഉടൻ വയനാട്ടിലേക്ക് എത്തും. രണ്ട് കമ്പനി എൻഡിആർഎഫ് സംഘം കൂടി രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിതല സംഘം വയനാട്ടിൽ എത്തും. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫലർഫോഴ്സ് സംഘത്തെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.