school

വയനാട്: മേപ്പാടി മുണ്ടക്കെെയിലുണ്ടായ ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. രക്ഷാപ്രവർത്തനത്തിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഒറ്റപ്പെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുണ്ട്. രക്ഷാപ്രവർത്തകർക്ക് പല സ്ഥലങ്ങളിലും എത്തിചേരാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കെെ,​ ചുരൽമല,​ അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ള്.

വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. വീടുകൾ വെള്ളവും ചെളിയും കൊണ്ട് മൂടിയ അവസ്ഥയിലാണ്.

മുണ്ടക്കെെ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കെെ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കെെ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കെെ പുഴയിൽ വലിയ കുത്തൊഴുക്കും മഴവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ച് മന്ത്രിമാർ വയനാട്ടിലേത്തും. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.