ന്യൂഡൽഹി: വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകും. കേന്ദ്ര പ്രതിനിധികൾ ഉടൻ വയനാട്ടിലേക്ക് പോകും. ആരാണെന്നതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അതേസമയം, ദുരന്തത്തിന്റെ വ്യാപ്‌തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്നും പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാദ്ഗാനം ചെയ്‌തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് സ്ഥിതി വിലയിരുത്തിയത്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കളക്‌ടറുമായും സംസാരിച്ചു. വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.