hospital

കൽപ്പറ്റ: വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ ഹൃദയഭേദകമായ കാഴ്ചകൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇരുപത്തിയാറോളം മൃതദേഹങ്ങളാണ് ഇതിനോടകം എത്തിച്ചത്. പന്ത്രണ്ട് സ്ത്രീകളുടെയും പതിമൂന്ന് പുരുഷന്മാരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും ചൂരൽമല ഭാഗത്തുനിന്നുള്ളവരാണ്. ഇതിൽ ആറ് പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഉറ്റവരെ തെരഞ്ഞ് കരഞ്ഞുകൊണ്ട് ആശുപത്രി കേറിയിറങ്ങുന്നവരും കണ്ണീർ കാഴ്ചയാണ്.

രണ്ട് കുട്ടികളടക്കം ബന്ധുക്കളായ അഞ്ച് പേരെ കിട്ടാനുണ്ടെന്ന് ആശുപത്രിയിലെത്തിയ ഒരു യുവതി പറഞ്ഞു. "ഏകദേശം രണ്ട് ദിവസമായി ഇവിടെ ഓറഞ്ച് അലർട്ടായിരുന്നു. ആരും അത്ര ഗൗരവത്തിലെടുത്തില്ല. ആരെയും മാറ്റിപ്പാർപ്പിക്കുകയും ഉണ്ടായില്ല"- പ്രദേശവാസിയായ ഒരാൾ പറഞ്ഞു.

മേപ്പാടി വിംസ് ആശുപത്രിയിൽ നിലവിൽ എഴുപതോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. 'ഞങ്ങളുടെ ഫാമിലി മൊത്തം രക്ഷപ്പെട്ടു. ഏകദേശം പന്ത്രണ്ട് മണിയൊക്കെ ആയിക്കാണും. ശബ്ദം കേട്ട് അടുക്കള വാതിൽ തുറന്നപ്പോൾ വീടിന്റെ പൊക്കത്തിൽ വെള്ളം വരുന്നു. വാതിൽ അടച്ച് മക്കളെയൊക്കെ കൈയിൽ പിടിച്ചു. അപ്പോഴേക്ക് വെള്ളം വന്ന് ഇടിച്ച് പോയി. മക്കളൊക്കെ കൈയിൽ നിന്ന് പോയി.

ഞങ്ങളെല്ലാവരും വെള്ളത്തിനടിയിൽ പോയി, പൊന്തി. പിന്നെ ഏട്ടന്മാരൊക്കെ പിടിച്ചു. ഇരുട്ടല്ലേ, ഒന്നും കാണാൻ പറ്റിയില്ല. പിന്നെ അടുത്ത വീട്ടിലോട്ട് പോയി ഡ്രസൊക്കെ മാറി. മോളുടെ തല പൊട്ടിയിട്ടുണ്ടായിരുന്നു. അത് തുണിയൊക്കെ വച്ച് കെട്ടി നിൽക്കുമ്പോഴാണ് അടുത്ത ഉരുൾപൊട്ടൽ. മക്കളെയൊക്കെ ബെർത്തിലും കട്ടിലിലുമൊക്കെ കയറ്റി. പക്ഷേ അവിടെയുണ്ടായിരുന്ന അഞ്ച് പേരെ കാണാനില്ല."- ചികിത്സയിലുള്ള സ്ത്രീ ഒരു മാദ്ധ്യമത്തോട്‌ പറഞ്ഞു.