അഴിമതിയെ വെള്ളപൂശാനും അഴിമതിക്കാരെ രക്ഷിക്കാനും സർക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ അനീതിക്കെതിരായ പോരാട്ടത്തിൽ പലപ്പോഴും കോടതികളാണ് അല്പമെങ്കിലും പ്രതീക്ഷ നൽകുന്നത്.രാഷ്ട്രീയമായി ഏറെ വിവാദമുണ്ടാക്കിയ കോടികളുടെ തോട്ടണ്ടി അഴിമതിക്കേസിൽ കോൺഗ്രസ് നേതാവടക്കമുള്ള പ്രതികൾക്ക് ക്ളീൻ ചിറ്റ് നൽകാൻ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ നടത്തിയ ഹീനമായ ശ്രമം ഹൈക്കോടതി ഇടപെടലിൽ പൊളിഞ്ഞടുങ്ങിയതാണ് ഇതിൽ ഒടുവിലത്തെ സംഭവം.കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിലെ തോട്ടണ്ടി ഇടപാടിൽ നടന്ന കോടികളുടെ അഴിമതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ അഴിമതി നടന്നുവെന്ന് കോടതിക്ക് വെളിപ്പെടുത്തേണ്ടി വന്നു.കേസിലെ മുഖ്യപ്രതികൾക്കെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയായി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളിയത് പ്രതികൾക്കേറ്റ തിരിച്ചടിയും സർക്കാരിനേറ്റ ഇരട്ടപ്രഹരവുമാണ്. ഒരു സംസ്ഥാന സർക്കാർ അഴിമതിക്കേസിലെ പ്രതികൾക്കനുകൂലമായ നിലപാടെടുത്ത് വിവാദമായ കേസിൽ കോടതിയിൽ നിന്നുണ്ടായ കനത്ത തിരിച്ചടിയിൽ ഇനി സർക്കാർ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ.ചന്ദ്രശേഖരൻ, മാനേജിംഗ് ഡയറക്ടറായിരുന്ന കെ.എ രതീഷ്,തോട്ടണ്ടി ഇറക്കുമതി ചെയ്ത കോട്ടയം ആസ്ഥാനമായ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോൻ ജോസഫ് എന്നിവരായിരുന്നു സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ യഥാക്രമം ഒന്നും മൂന്നും നാലും പ്രതികൾ. രണ്ടാം പ്രതി,ചന്ദ്രശേഖരന് മുൻപ് കോർപ്പറേഷൻ ചെയർമാനായിരുന്ന ഇ.കാസിം മരണമടഞ്ഞു. ചന്ദ്രശേഖരനെയും രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയാണ് സർക്കാരിനെ സി.ബി.ഐ സമീപിച്ചത്. എന്നാൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കൊല്ലത്തെ ഐ.എൻ.ടി.യു.സി ഭാരവാഹിയായ കടകംപള്ളി മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ തീരുമാനം റദ്ദാക്കുകയും പ്രതികളുടെ ആവശ്യം തള്ളിയും ജസ്റ്റിസ് കൗസർ എടപ്പകത്ത് ജൂലായ് 24ന് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ അനുമതി അപേക്ഷ പുന:പരിശോധിച്ച് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് പറഞ്ഞ കോടതി, അതുവരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ മരവിപ്പിക്കുകയും ചെയ്തു.
സി.പി.എമ്മിലും ഭിന്നതയുണ്ടാക്കിയ നീക്കം
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് തീരുമാനമെടുത്ത ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനം സി.പി.എമ്മിലും കടുത്ത ഭിന്നതയുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരസ്യമായി എതിർക്കാൻ ആരും തയ്യാറായില്ലെന്നതാണ് വാസ്തവം. 2006 മുതൽ 2015 മാർച്ച് വരെ നടന്ന തോട്ടണ്ടി ഇടപാട് അന്വേഷിച്ച സി.ബി.ഐ, കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തി. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷയിൽ അനുമതി നൽകാമെന്നാണ് അന്നത്തെ കശുഅണ്ടി വ്യവസായ മന്ത്രിയായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മ ഫയലിൽ എഴുതിയത്. വകുപ്പ് സെക്രട്ടറിയും ഫയലിൽ ഇതേ നിലപാടെടുത്തു. എന്നാൽ മന്ത്രി ഒപ്പുവച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രോസിക്യൂഷൻ അനുമതി നൽകാമെന്ന് ഫയലിൽ കുറിപ്പെഴുതിയ വകുപ്പ് സെക്രട്ടറിയുടെ കസേരയും പോയി. നിയമോപദേശത്തിന്റെ പഴുതിൽ പ്രതികൾക്കനുകൂലമായി തീരുമാനം മാറി. പുതിയ വ്യവസായ സെക്രട്ടറി സർക്കാർ നിർദ്ദേശപ്രകാരം പ്രോസിക്യൂഷൻ അനുമതി തേടിയുള്ള സി.ബി.ഐ അപേക്ഷ തള്ളുകയായിരുന്നു. സി.പി.എമ്മിലും ഭിന്നതയുണ്ടാക്കിയ ഈ തീരുമാനത്തിനെതിരെയാണ് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ലെന്നതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും കോടതിയിലെത്തി.എന്നാൽ പ്രതികളെ കേസുമായി ബന്ധിപ്പിക്കാനാവശ്യമായ തെളിവുകളുണ്ടെന്ന നിർണായക വെളിപ്പെടുത്തലോടെയാണ് അവരുടെ ഹർജികളും കോടതി തള്ളിയത്. ആർ.ചന്ദ്രശേഖരൻ,കെ.എ.രതീഷ് തുടങ്ങിയവരെ പ്രതി ചേർത്ത് സി.ബി.ഐ കേസെടുത്തത് 2016 ജൂലായ് 27നായിരുന്നു. 5 വർഷത്തോളം എടുത്താണ് സി.ബി.ഐ കേസന്വേഷണം പൂർത്തിയാക്കിയത്.
എന്തുകൊണ്ട് പ്രോസിക്യൂഷന് അനുമതി ?
അഴിമതി നിരോധന നിയമപ്രകാരം ഒരു സർക്കാർ ഉദ്യോഗസ്ഥനോ സർക്കാർ ശമ്പളം കൈപ്പറ്റുന്നയാളോ അഴിമതിക്കേസിൽ പ്രതി ആയാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്ന 2018 ലെ ഭേദഗതി നിയമമാണ് പ്രതികളെ രക്ഷിക്കാൻ സർക്കാർ ആയുധമാക്കിയത്. കോടതിയുടെ നോട്ടീസ് നടപടി ആരംഭിക്കുന്നത് ഭേദഗതിക്ക് ശേഷമാണെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി വേണം. പ്രതികൾക്കെതിരായ കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന ഹർജിക്കാരനായ കടകംപള്ളി മനോജിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്ന് പറഞ്ഞ കോടതി, മൂന്ന് മാസത്തിനകം തീരുമാനം എടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. 2006 മുതൽ 2015 മാർച്ച് വരെ നടന്ന തോട്ടണ്ടി ഇറക്കുമതി ഇടപാടുകൾ അന്വേഷിച്ച സി.ബി.ഐ, 75 കോടിയിലേറെ രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. തോട്ടണ്ടി ഇറക്കുമതി ചെയ്ത 125 ഓളം ഇടപാടുകളിലായി 500 കോടിയുടെ അഴിമതി നടന്നുവെന്നാണ് കടകംപള്ളി മനോജിന്റെ പരാതി. അന്തിമ റിപ്പോർട്ട് നൽകിയ ശേഷം പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ 2020 ഒക്ടോബർ 15ന് വ്യവസായ സെക്രട്ടറി തള്ളി. 2015 ലെ ഓണക്കാലത്ത് കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന് വിജിലൻസിന്റെ ത്വരിതപരിശോധനയിൽ കണ്ടെത്തിയെങ്കിലും പിന്നീട് എഴുതിത്തള്ളിയത് വിവാദമായിരുന്നു. ആ കേസിൽ ആർ.ചന്ദ്രശേഖരൻ ഒന്നാം പ്രതിയും രതീഷ് രണ്ടാം പ്രതിയുമായിരുന്നു. കോടികളുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് കാഷ്യു കോർപ്പറേഷൻ. കെ.എ രതീഷ് എം.ഡി ആയിരുന്ന കാലത്ത് മാത്രം 1000 കോടിയുടെ നഷ്ടത്തിലാണ് കോർപ്പറേഷൻ പ്രവർത്തിച്ചത്.
പിണറായിയുടെ വിശ്വസ്തൻ
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ആർ.ചന്ദ്രശേഖരൻ എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. കഴിഞ്ഞ 8 വർഷത്തെ പിണറായി ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നിന്ന് ഒരു പ്രസ്താവന പോലും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ലെന്നത് കോൺഗ്രസുകാർക്കിടയിൽ സജീവ ചർച്ചാവിഷയമാണ്. ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസ് ആരോപണം ഉയർന്നപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ട നേതാവാണ് ചന്ദ്രശേഖരൻ. 2015 ഓണക്കാലത്ത് കശുഅണ്ടി വികസന കോർപ്പറേഷന് ഫണ്ട് നൽകുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് സർക്കാരിനെതിരെ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരസമരം നടത്തിയ ചന്ദ്രശേഖരന് സമരപന്തലിലെത്തി അഭിവാദ്യം അർപ്പിക്കാൻ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കമുള്ള സി.പി.എം, സി.ഐ.ടി.യു നേതാക്കളെത്തിയതും കോൺഗ്രസിൽ സജീവ ചർച്ചയായിരുന്നു. സി.ബി.ഐ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ചന്ദ്രശേഖരന്റെ അടുപ്പക്കാരനായ കോൺഗ്രസിലെ ഒരുന്നത നേതാവിന്റെ ഇടപെടലായിരുന്നുവെന്ന കാര്യവും കോൺഗ്രസുകാർക്കിടയിൽ ചർച്ചയാണ്. തോട്ടണ്ടി ഇറക്കുമതി നടത്തിയ ഇടപാടിൽ ക്രമക്കേട് നടന്നുവെന്നതിന് തെളിവുണ്ടെന്ന ഹൈക്കോടതി പരാമർശം പ്രതികൾക്കേറ്റ കനത്ത തിരിച്ചടിയാണെങ്കിലും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച നിലപാട് പുന:പരിശോധിക്കണമെന്ന കോടതി നിർദ്ദേശത്തോട് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പിണറായി സർക്കാരിന്റെ കഴിഞ്ഞകാല നടപടികൾ വിശകലനം ചെയ്താൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാദ്ധ്യതയ്ക്കാണ് മുൻതൂക്കമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതുസംബന്ധിച്ച നിയമപോരാട്ടം നീളുമെന്ന് ചുരുക്കം.