ദിവസം ഒരു സവാളയെങ്കിലും ഉപയോഗിക്കാത്ത മലയാളികളുടെ വീടുണ്ടോ? സംശയമാണ്, ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കം വീടുകളേ ഉണ്ടാകുകയുള്ളൂ. കാരണം മുട്ട റോസ്റ്റ്, തീയൽ, ചിക്കൻ കറി, ഓംലറ്റ്, സാലഡ്, ഉള്ളി വട തുടങ്ങി നമ്മുടെ മിക്ക വിഭവങ്ങളിലും സവാള ഒഴിച്ചുകൂടാനാകാത്ത സാധനമാണ്.
കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും സവാള മുഖ്യ പങ്കുവഹിക്കുന്നുണ്ട്. മുടി കൊഴിച്ചിലിനും, താരനെ അകറ്റാനും, അകാല നരക്കൊക്കെ നല്ലൊരു ഔഷധമാണ് സവാള. ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും സവാളയുടെ തൊലി കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കണ്ണ് നീറുകയും, കണ്ണുനീർ വരികയുമൊക്കെ ചെയ്യാറുണ്ട്.
എന്നാൽ കണ്ണ് നീറാതെ വളരെയെളുപ്പം സവാളയുടെ തൊലി കളയാൻ ഒരു സൂത്രമുണ്ട്. എന്താണെന്നല്ലേ? ഐസ് ക്യൂബ് ആണ് ആ സൂത്രം. ആദ്യം തന്നെ സവാളയുടെ രണ്ട് വശവും മുറിച്ച് തൊലികളയുക. ഇനി ആവശ്യത്തിന് വെള്ളമെടുക്കുക. അതിലേക്ക് കുറച്ച് ഐസ് ക്യൂബുകൾ ഇട്ടുകൊടുക്കാം. ശേഷം സവാളയും ഇതിലേക്ക് ഇട്ടുകൊടുക്കാം. പത്തോ പതിനഞ്ചോ മിനിട്ടിന് ശേഷം നന്നായി ഒന്ന് കഴുകി, കഷ്‌ണങ്ങളായി അരിയാം. കണ്ണ് നീറില്ല. ഇതുകൂടാതെ തൊലി കളഞ്ഞ ശേഷം സവാള കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കാം. തണുപ്പിച്ച ശേഷം കഷ്ണങ്ങളാക്കി മുറിക്കാം. ഇങ്ങനെ ചെയ്യുമ്പോഴും കണ്ണുനീർ വരില്ല.