crime

മൂവാറ്റുപുഴ: ആസിഡ് ആക്രമണം നടത്തി യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് മൂവാറ്റുപുഴ ഡിസ്ട്രിക് ആൻഡ് അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതിക്ക് പത്തുവർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് പത്തുവർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പല്ലാരിമംഗലം മുണ്ടൻകോട്ടിൽ കുഞ്ഞുമോന്റെ മകൻ ഷൈജു, പല്ലാരിമംഗലം തോട്ടുചാലിൽ നൂറ് എന്നു വിളിക്കുന്ന ഇബ്രാഹിം എന്നിവരെയാണ് ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. പല്ലാരിമംഗലം മാവുടി കൂട്ടപ്ലായ്ക്കൽ വീട്ടിൽ രാഘവന്റെ മകൻ കെ.ആർ. ഗിരീഷിന്റെ മുഖത്താണ് പ്രതികൾ ആസിഡ് ഒഴിച്ചത്. ഇയാളുടെ ഇരുകണ്ണുകൾക്കും പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ടിരുന്നു. നരഹത്യാ ശ്രമത്തിന് ഒന്നാം പ്രതിക്ക് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും രണ്ടാം പ്രതിക്ക് ഒരു വർഷം കഠിന തടവും 25000 രൂപ പിഴയും അധികശിക്ഷയായി വിധിച്ചു. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി. പിഴത്തുക കാഴ്ച നഷ്ട്ടപ്പെട്ട ഗിരിഷിന് നൽകണം. ഗിരീഷിന് മതിയായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയോടും കോടതി ഉത്തരവിട്ടു. 2013 നവംബർ 14 ന് രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പിവടിക്ക് തലക്കടിച്ച് കൊല്ലാനും ശ്രമിച്ചിരുന്നു. നരഹത്യ അടക്കമുളള വകുപ്പുകൾ ചേർത്താണ് പോത്താനിക്കാട് എസ്.ഐ. ആയിരുന്ന കെ.ഇ. സത്യവാൻ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.