വയനാട്: ദുന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈ മേഖലയിൽ ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാമെന്നും കാഴ്‌ച കാണാൻ എത്തുന്നവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പിവി അൻവർ എംഎൽഎ. ഉരുൾപൊട്ടൽ നമുക്ക് മുൻ അനുഭവം ഉള്ളതാണ്. നമ്മൾ നിൽക്കുന്ന പ്രദേശത്തേക്ക് ഒരു സെക്കൻഡ് കൊണ്ട് കിലോമീറ്റർ കണക്കിന് വേഗതയിൽ വെള്ളം കുതിച്ചുകയറുന്ന അവസ്ഥയാണ്.
കാലാവസ്ഥ വീണ്ടും മോശമാവുകയാണ്. ഉരുൾപൊട്ടൽ ഇനിയും പ്രതീക്ഷിക്കാം. അതുകൊണ്ട് കാഴ്‌ചകൾ കാണാനായി പുഴക്കരയിൽ നിൽക്കുന്നവർ സുരക്ഷിതമായ സ്ഥലത്താണെന്ന് വിചാരിക്കരുത്. കാഴ്‌ച കാണാനും അല്ലാതെയും ദുരന്തത്തിന്റെ ഭാഗമായി ഡെസ്‌ക് പ്രവർത്തനത്തിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള, പുഴയോടും തോടിനോടും ചേർന്ന് താമസിക്കുന്നവർ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഉരുൾപൊട്ടലിൽ മരണം 90 ആയി. ചാലിയാർ പുഴയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയമുണ്ട്. മുണ്ടക്കെെ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് വീണ്ടും ഉൾപൊട്ടൽ ഉണ്ടായെന്ന് സംശയം ഉയർന്നത്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗം നടപ്പാക്കും. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ഈ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായും ഒലിച്ച് പോയി. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.