train

റാഞ്ചി: ജാർഖണ്ഡിൽ നിന്ന് മുംബയിലേക്കുള്ള ട്രെയിൻ പാളം തെറ്റി രണ്ട് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു.

ഇന്നലെ പുലർച്ചെ 3.45 നായിരുന്നു സംഭവം. ഹൗറ സി.എസ്.എം.ടി എക്‌സ്‌പ്രസിന്റെ 18 കോച്ചുകളാണ് പാളം അപകടത്തിൽപ്പെട്ടത്. ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിനടുത്താണ് അപകടമുണ്ടായത്. എൻ.ഡി.ആർ.എഫ് സംഘമുൾപ്പെടെയെത്തി രക്ഷാപ്രവർത്തനം നടത്തി.

18 കോച്ചുകളിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരെണ്ണം പവർ കാറും ഒന്ന് പാൻട്രി കാറുമാണ്. പരിക്കേറ്റവർക്ക് റെയിൽവേയുടെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ചക്രധർപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമില്ല.

അപകടത്തെ തുടർന്ന് ഈ പാതയിലെ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചു. ഒരു ഗുഡ്സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകി.

 ടാറ്റാനഗർ: 06572290324

 ചക്രധർപൂർ: 06587 238072

 റൂർക്കേല: 06612501072, 06612500244

 ഹൗറ: 9433357920, 03326382217