manju

മഞ്ജു വാര്യരുടെ പുതിയ ചിത്രമായ 'ഫൂട്ടേജിന്റെ' റീലീസ് മാറ്റിവച്ചു. നടി ഗായത്രി അശോക് ആണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.

.

"ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു."- എന്നാണ് ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

സെൻസർ ബോർഡ്‌ പറയുന്നതിന് മുൻപ് തന്നെ പോസ്റ്ററിൽ 18+ എന്ന് വച്ച് അണിയറപ്രവർത്തകർ മാസ്സ് കാണിച്ച സിനിമയാണ് മഞ്ജു വാര്യർ നായികയായ ഫുട്ടേജ്. സൈജു ശ്രീധർ ആണ് ഫൂട്ടേജ്‌ സിനിമയുടെ സംവിധായകൻ. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയിൽ വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷങ്ങളിൽ എത്തുന്നു.

View this post on Instagram

A post shared by Gayathri Ashok (@gayathriashok_)


കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കണമെന്ന് പറഞ്ഞുകൊണ്ട് മഞ്ജു വാര്യരും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. "സർക്കാർ നിർദേശങ്ങൾ പാലിക്കുക. യാത്രകൾ ഒഴിവാക്കുക. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ" - എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.